തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും തകർത്ത് മുന്നേറുകയാണ്. ദേവസ്വം ബോർഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല, ആളുകൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത കാലത്ത് എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നപ്പോഴും ക്ഷേത്രങ്ങളുടെ നിത്യപൂജയക്ക് മുടക്കമില്ലായിരുന്നു. എന്നാൽ ദീർഘകാലമായി ക്ഷേത്രങ്ങൾ അടഞ്ഞു കിടന്നതും ഇപ്പോൾ വിശേഷദിവസങ്ങളിൽ പോലും ഭക്തജനങ്ങളുടെ തിരക്ക് കുറഞ്ഞതും ദേവസ്വം ബോർഡുകളുടെ വരുമാനത്തിൽ ഇടിവുണ്ടാക്കിയിരിക്കുകയാണ്. ഇത് ക്ഷേത്രനടത്തിപ്പുകളിലും വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ദേവസ്വം ബോർഡായ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെയാണ് അതിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നതും.

ശബരിമലയുൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മഹാക്ഷേത്രങ്ങൾ വരെ പ്രതിസന്ധിയിലാണ്. ദേവസ്വം ബോർഡിനുള്ളിലെ പ്രതിസന്ധി നിസാരമല്ലെന്ന് തുറന്നുപറയുകയാണ് പ്രസിഡന്റ് എൻ.വാസു.

നിറപുത്തിരി ചടങ്ങുകൾക്ക് ശബരിമല ക്ഷേത്രം തുറന്നപ്പോൾ ദിവസം 15,000 പേർക്ക് പ്രവേശനം നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും ഏഴ് ദിവസം കൊണ്ട് ദർശനത്തിനെത്തിയത് 14,000 പേരാണ്. ദിവസവും 3000 പേരൊക്കെയാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തെങ്കിലും പതിവായി ദർശനത്തിനെത്തിയത് 2000 പേരാണ്. ഒരു കോടി രൂപയ്ക്കടുത്താണ് വരുമാനം ലഭിച്ചത്. പക്ഷേ അതിനേക്കാൾ ചെലവു വേണ്ടിവന്നു.

എനിക്ക് മുൻപു വന്ന ദേവസ്വം ബോർഡ് പ്രസിഡന്റുമാർക്കും ഭരണസമിതിക്കും പണം എങ്ങനെ ചെലവാക്കുമെന്ന് തീരുമാനിക്കുകയായിരുന്നു പ്രശ്നമെങ്കിൽ ദൈനംദിന ചെലവിന് എവിടെനിന്നു പണം കണ്ടെത്തും എന്നതാണ് എന്റെയും ബോർഡ് അംഗങ്ങളുടെയും ആലോചന. അത്രയ്ക്കാണ് സാമ്പത്തിക പ്രതിസന്ധി. 1250 ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ, പൂജാദികാര്യങ്ങൾ എന്നിവയെല്ലാം നടക്കണം. 5500 ജീവനക്കാർ, 5000 പെൻഷൻകാർ ഇവർക്ക് ശമ്പളവും പെൻഷനും നൽകണം. ഇതിന് ഇപ്പോൾ സർക്കാരിന്റെ സഹായം തേടുകയാണ് വഴി. 15 പേർ വീതം ക്ഷേത്രങ്ങളിൽ ദർശനത്തിന് അനുമതിയുണ്ടെങ്കിലും എത്തുന്നവർ കുറവാണ്.

വരുമാന വർധനവിനു വഴി ആലോചിക്കുന്നതിനോടൊപ്പം വരുമാനചോർച്ച തടയുന്നതിനും ബോർഡ് കർമ പദ്ധതി തയാറാക്കുകയണ്. ഇത്രയും നാൾ ഇക്കാര്യങ്ങൾ പരസ്യമായി പറയാൻ മടിച്ചിരുന്നതാണ്. വരുമാനത്തിന്റെ മൂന്നിലൊന്നു തുക ചോർച്ചയിലൂടെ നഷ്ടമാകുന്നുവെന്നാണ് കണക്കുകൾ. ചില ജീവനക്കാരുടെ നീക്കങ്ങളും ക്ഷേത്രങ്ങളുടെ വരുമാന ചോർച്ചയ്ക്കു കാരണമാകുന്നുണ്ട്. രസീത് എഴുതാതെയാണ് വഴിപാട് നടത്തിക്കൊടുക്കുന്നത്. അതിന് തുക അല്ലാതെതന്നെ വാങ്ങിക്കുന്നു. ബോർഡിന്റെ ഇത്തരം വരുമാന ചോർച്ചയ്ക്ക് കൂട്ടുനിന്ന് വിഹിതം കിട്ടുന്ന ഏതെങ്കിലും കസേരകൾ ഉണ്ടെങ്കിൽ അതിനൊക്കെ അറുതി വരുത്തുമെന്നും എൻ.വാസു പറയുന്നു.