തിരുവനന്തപുരം: വരുമാനം നിലച്ചതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങൾ കടുത്ത പ്രതിസന്ധിയിൽ. ഇതിന് പരിഹാരം കാണാൻ ഓൺലൈൻ വഴിപാട് സംവിധാനത്തിലേക്ക് പോകുകയാണ് ബോർഡ്. ദേവസ്വം ബോർഡിനു കീഴിലെ 374 ക്ഷേത്രങ്ങളിൽകൂടി മൂന്ന് മാസത്തിനുള്ളിൽ ഓൺലൈൻ വഴിപാടിനുള്ള സംവിധാനം ഒരുക്കുമെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു.

500 ക്ഷേത്രങ്ങളിൽ സംവിധാനം ഒരുക്കാനുള്ള സാദ്ധ്യത തേടിയെങ്കിലും ചെറിയ ക്ഷേത്രങ്ങളിൽ ഇത് പ്രായോഗികമല്ലെന്ന് കണ്ടതോടെയാണ് തത്കാലം ഇത്രയുമിടത്ത് മാത്രമാക്കുന്നത്. കോവിഡ് പ്രതിസന്ധി മാറിയാലും ഓൺലൈൻ സംവിധാനം തുടരാനാണ് തീരുമാനം.

നിലവിൽ ശബരിമല കൂടാതെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പമ്പ ഗണപതി ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ദേവീ ക്ഷേത്രം തുടങ്ങിയ 27 മേജർ ക്ഷേത്രങ്ങളിലാണ് ഓൺലൈനായി വഴിപാടുകൾ ബുക്ക് ചെയ്യാവുന്നത്. കൂടുതൽ ക്ഷേത്രങ്ങളിൽ സംവിധാനമൊരുക്കാൻ രണ്ടു കോടിയോളം രൂപ ചെലവുവരും. ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ബാങ്കുകളുടെ സ്പോൺസർഷിപ്പിലൂടെ നടപ്പാക്കാനാണ് തീരുമാനം.

ബാങ്കുകളുമായി ചർച്ച പുരോഗമിക്കുകയാണ്. നിലവിൽ ധനലക്ഷ്മി ബാങ്കുമായാണ് ബോർഡിന് കരാറുള്ളത്.ഓൺലൈൻ സംവിധാനം നിയന്ത്രിക്കുന്നതും സജ്ജമാക്കിയതും കെൽട്രോൺ ആണെങ്കിലും ഇവരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതിയുണ്ട്. കൂടുതൽ ക്ഷേത്രങ്ങളിലേക്ക് ഓൺലൈൻ സംവിധാനം വിപുലപ്പെടുത്താൻ തീരുമാനമായതോടെ സ്വകാര്യ കമ്പനികളെയും പരിഗണിച്ചേക്കും.

മൊബൈൽ ആപ്പ് തയ്യാറാക്കുന്ന കാര്യവും ബോർഡിന്റെ സജീവ പരിഗണനയിലാണ്. ഇപ്പോൾ www.onlinetdb.com എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്.