തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. 60 വയസിനു മുകളിലുള്ളവർക്കും 10 വയസിനു താഴെയുള്ളവർക്കും ക്ഷേത്രദർശനത്തിനു തത്ക്കാലം അനുമതിയുണ്ടാകില്ല. ഒരു സമയം പത്തിൽ കൂടുതൽ ആളുകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. രാവിലെ ആറിനു മാത്രമേ നട തുറക്കൂ. രാത്രി ഏഴിനു നട അടയ്ക്കും.

വഴിപാടുകളുടെ ഭാഗമായുള്ളതല്ലാതെ അന്നദാനം അനുവദിക്കില്ല. അനകളെ എഴുന്നെള്ളിക്കില്ല. ഇതിനോടകം തീരുമാനിച്ചിട്ടുള്ള ചടങ്ങുകൾക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. ആചാരപരമായി ആനകളെ ഒഴിച്ചുകൂടാൻ പറ്റാത്ത ചടങ്ങാണെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം. ഉത്സവത്തിനു പരമാവധി 75 പേരെ മാത്രമേ അനുവദിക്കൂ.

ജീവനക്കാർക്കു സമയബന്ധിതമായി കോവിഡ് വാക്സിൻ നൽകും. ക്ഷേത്രജീവനക്കാരും ഭക്തരും മാസ്‌ക് നിർബന്ധമായും ധരിക്കണം. തെർമൽ സ്‌കാനർ വഴി പരിശോധന നടത്തിയശേഷമേ ക്ഷേത്രത്തിലേക്ക് ആളെ പ്രവേശിപ്പിക്കൂ. എല്ലാ ക്ഷേത്രങ്ങളിലും സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്താനും നിർദ്ദേശം നൽകി.