തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ട് അടുത്ത സാമ്പത്തിക വർഷം മുതൽ ട്രഷറിലിലേക്ക് വകമാറ്റുമെന്ന് ധനകാര്യ വകുപ്പ്. ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കടുത്ത അതൃപ്തി. ആയിരം കോടിയിലേറെ രൂപയാണ് ഇതുവഴി ധനകാര്യ വകുപ്പിൽ ബാലൻസായി ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. ഈ പണത്തിലാണ് അവർ കണ്ണുവെച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോൾ ഈ തീരുമാനം അഭികാമ്യമാണെന്നും ചെലവഴിക്കാതെ കിടക്കുന്ന തനതു ഫണ്ട് ട്രഷറിയിൽ ബാലൻസായി നിൽക്കുമെന്നും ധനവകുപ്പ് കണക്കുകൂട്ടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ ഉഴറുമ്പോഴാണ് ട്രഷറിയിൽ പണം കണ്ടെത്താൻ കുറുക്കുവഴി ധനകാര്യവകുപ്പ് തേടുന്നത്.

സർക്കുലറിനെതിരെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നു പ്രതിഷേധം ഉയരുകയും മുഖ്യമന്ത്രിയുടെ ഓഫിസും തദ്ദേശ വകുപ്പും വിവരങ്ങൾ ആരായുകയും ചെയ്തപ്പോൾ ധനവകുപ്പു തന്നെ സൂചിപ്പിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ എൽഡി എഫ് സർക്കാരിന്റെ കാലത്ത് 2020 ഏപ്രിൽ 17ന് അന്നത്തെ ധനമന്ത്രി തീരുമാനമെടുത്തെങ്കിലും നടപ്പാക്കുന്നതു കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾക്കും പോസിറ്റീവായവർക്കും മറ്റുമുള്ള ഭക്ഷണവിതരണം ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കായും തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടാണു ചെലവിട്ടിരുന്നത്.

കോവിഡ് സാഹചര്യം മാറുകയും അടുത്ത സാമ്പത്തിക വർഷത്തോടെ വസ്തുനികുതി, തൊഴിൽനികുതി, കെട്ടിടവാടക എന്നിവ ഉൾപ്പെടുന്ന തനതുവരുമാനം ഉയരുകയും ചെയ്യുമെന്നാണു ധനവകുപ്പിന്റെ കണക്കുകൂട്ടൽ. തുടർന്നാണു ട്രഷറിയിലേക്കു മാറ്റാനുള്ള സർക്കുലർ മുൻകൂട്ടി പുറത്തിറക്കിയത്.

കേന്ദ്ര സർക്കാരിൽ നിന്നു തദ്ദേശസ്ഥാപനങ്ങൾക്കു ലഭിക്കുന്ന തുകയും നേരത്തേ ട്രഷറിയിൽ സൂക്ഷിച്ച ശേഷം ഘട്ടംഘട്ടമായാണു വിതരണം ചെയ്തിരുന്നത്. എന്നാൽ, ഇതു ലഭിച്ച ഉടൻ തദ്ദേശസ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു കൈമാറണമെന്ന കേന്ദ്രനിർദ്ദേശം സംസ്ഥാന ഖജനാവിനു തിരിച്ചടിയായി.