കോതമംഗലം:ഇന്ന് വൈകിട്ടുണ്ടായ കാറ്റിൽ മരം കടപുഴകി വീണത് 5 സ്‌കൂൾകുട്ടികളുടെ ജീവിനെടുത്ത ദുരന്തസ്ഥലത്തിന് തൊട്ടടുത്ത്്. വൻ ദുരന്തമൊഴിവായത് തലനാരിഴിക്ക്.മരം മറിഞ്ഞ് വീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് നിറയെ യാത്രക്കാരുമായി സ്വകാര്യബസ്സ് ഇതുവഴി കടന്നുപോയത്.ഏതുസമയത്തും വാഹനങ്ങൾ ഇടമുറിയാതെ സഞ്ചരിക്കുന്ന പാതയാണിത്. മൂന്നുമരങ്ങൾ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പാതയ്ക്ക് കുറുകെ കടപുഴകി വീണത്.

കോതമംഗലം ഇന്നും മറക്കാത്ത ഒരു ദുരന്തത്തിന്റെ തനിയാവർത്തനമായേക്കാമായിരുന്ന അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.2015 ജൂലൈ 26-ന വൈകിട്ട് 4.30 തോടെ കറുകടം വിദ്യാവികാസ് സ്‌കൂളിന്റെ ബസ്സിന് മുകളിലേയ്ക്ക് വന്മരം കടപുഴകി വീഴുകയായിരുന്നു.
കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിൽ നെല്ലിമറ്റം കോളനിപ്പടിയിലായിരുന്നു ദുരന്ത മുണ്ടായത്.കനത്ത കാറ്റിൽ പാതവക്കിൽ നിന്നിരുന്ന വന്മരം സ്‌കൂൾ ബസ്സിന്റെ മധ്യഭാഗത്തായി പതിക്കുകയായിരുന്നു.രണ്ട് കുട്ടികൾ സംഭവസ്ഥലത്തും മൂന്നുകുട്ടികൾ ആശുപത്രിയിൽ ചികത്സയിലിരിക്കെയുമാണ് മരണമടഞ്ഞത്.ഇന്ന് മൂന്ന് വൻ മരങ്ങൾ കടപുഴകി വീണത് ഈ അപകടം നടന്ന സ്ഥലത്തിന് തൊട്ടുത്തതാണ്.

മിനിട്ടുകളോളം കൊടും കാറ്റിന്റെ അവസ്ഥയ്ക്ക് സമാനമായി വീശിയടിച്ച കാറ്റ് കാര്യമായ നാഷ്ടങ്ങളില്ലാതെ കടന്നുപോയതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.നെല്ലിമറ്റം എംബിറ്റ്സ് കോളേജിന് സമീപമാണ് കൂറ്റൻ മരം വീണത്. മരംകടപുഴകിയതിനെത്തുടർന്ന് ദേശിയപാതയിലെ ഗതാഗതം ഏറെ നേരംസ്തംഭിച്ചു.ഇന്ന് 3.10 ഓടെ നെല്ലിമറ്റത്തിന് സമീപം പുല്ലുകുത്തി പാറ പ്രതീക്ഷ പടിയിലാണ് കൊടുംങ്കാറ്റ് വീശിയത്.ഇടിയും ശക്തമായ മഴയും ഉണ്ടായിരുന്നു.

വിവരം അറിയിച്ചതിനെ തുടർന്ന് കോതമംഗലം ഫയർഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂർ നീണ്ടശ്രമഫലമായിട്ടാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.എസ്.റ്റി.ഒ കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ ജുനിയർ എ.എസ്.റ്റി.ഒ കെ.എസ്. എൽദോസ്, എഫ്.ആർ.ഒ സി.എസ്.അനിൽ കുമാർ, സി.എം. നൗഷാദ്, കെ.എം. ഇബ്റാഹിം, മനു, വിഷ്ണു മോഹൻ എന്നിവർ ചേർന്നാണ്് മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

ഇന്നലെ വൈകിട്ട് ഇടിമിന്നലോട് കൂടി ഉണ്ടായ കനത്ത കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.നിരവധി പ്രദേശങ്ങളിൽ വലിയതോതിൽ കൃഷിനാശവുമുണ്ടായി.
കോട്ടപ്പടി വാവേലിയിൽ ഇന്നലെ വൈകിട്ട് ഏഴുമണിയോടുകൂടി ഉണ്ടായ ഇടിമിന്നലേറ്റ് രണ്ട് കറവ പശുക്കൾ ചത്തു.വാവേലി പാറയിൽ സണ്ണി, മാനക്കുഴി വർഗീസ് എന്നിവരുടെ പശുക്കൾ ആണ് മിന്നലേറ്റ് ചത്തത്. കോട്ടപ്പടി പഞ്ചായത്ത് പ്രിസിഡന്റ് , വാർഡ് മെമ്പർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.