തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ പ്രതികളായ അഗസ്റ്റിൽ സഹോദരങ്ങൾക്ക് ഈട്ടി തടികൾ കടത്തുന്നതിന് സഹായം നൽകിയെന്ന് ആരോപണം നേരിട്ട ഉദ്യോസ്ഥനെ സ്ഥലം മാറ്റി. കോഴിക്കോട് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൻ ടി സാജനെ കൊല്ലത്തേക്കാണ് സ്ഥലം മാറ്റിയത്. മരംമുറി വിവാദം ശക്തമായപ്പോൾ മുതൽ നിരവധി ആരോപണങ്ങളാണ് എൻ ടി സാജനെതിരെ ഉയർന്നത്.

മുട്ടിൽ മരം മുറി കേസിൽ എൻ ടി സാജനെതിരെ സർക്കാരിന് അന്വേഷണ റിപ്പോർട്ട് ലഭിച്ചിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാൽ വിശദീകരണം തേടണമെന്നും കുറ്റക്കാരനാണെങ്കിൽ നടപടിയെടുക്കുമെന്നും വനം വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.

സാജന് പ്രതികളുമായി ബന്ധമുണ്ടെന്നും കേസ് ഒത്ത് തീർപ്പാക്കാൻ വനംമന്ത്രിയെ സന്ദർശിച്ചെന്നും പ്രതിപക്ഷം വലിയ ആക്ഷേപം ഉന്നയിച്ചിരുന്നു. മുറിച്ച മരം പിടിച്ച ഉദ്യോഗസ്ഥനെ കുടുക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചതിന് സാജനെ സസ്‌പെൻഡ് ചെയ്യാൻ ഫോറസ്റ്റ് പിസിസിഎഫ് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. വനംമന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പിസിസിഎഫ് നടത്തിയ അന്വേഷണത്തിലാണ് സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തത്.