തിരുവനന്തപുരം: മരംമുറി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ജൂൺ 24 ന് സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രവർത്തകർ ധർണ്ണ നടത്തും. വയനാട് മുട്ടിൽ മരം മുറിയിൽ ഉൾപ്പെടെ മുൻ വനം റവന്യൂ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെടുന്നത്. മരംമുറി വിവാദത്തിൽ പ്രതിപക്ഷത്തിന്റെ സമര പരമ്പരകളുടെ തുടക്കമാണിതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു.

നിലവിൽ ക്രൈം ബ്രാഞ്ച് വിജിലൻസ്-വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല സംഘമാണ് മരംമുറി അന്വേഷിക്കുന്നത്. ഈ അന്വേഷണം പ്രഹസനമാണെന്നും വിശ്വാസ യോഗ്യമല്ല എന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. അതേസമയം കർഷകരെ സഹായിക്കാൻ റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് മരം കൊള്ളക്കാർ ദുർവ്യാഖ്യാനം ചെയ്തു എന്ന വിശദീകരണമാണ് സർക്കാർ നൽകുന്നത്.

അതേസമയം, സർക്കാരിന്റെ സഹായത്തോടെയാടെയാണ് മരംമുറി നടന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം വയനാട് മുട്ടിലും മറ്റു നേതാക്കൾ തൃശ്ശൂർ, ഇടുക്കി എന്നിവിടങ്ങളിലെയും മരംമുറി നടന്ന പ്രദേശങ്ങൾ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.