തിരുവനന്തപുരം: എല്ലാം വേഗത്തിൽ ചെയ്തത് വോട്ടെടുപ്പിന് മുമ്പ് എല്ലാം നൽകാനാണ്. എന്നാൽ കഷ്ടപ്പാട് എല്ലാം വെറുതെയായി. വോട്ടെടുപ്പിനു മുൻപ് പരിഷ്‌കരിച്ച ശമ്പളവും പെൻഷനും വിതരണം ചെയ്യാനുള്ള സർക്കാർ നീക്കം ആദ്യദിവസം പരാജയപ്പെട്ടു.

ദുഃഖവെള്ളിയാഴ്ച കാരണം അവധി ദിവസമായിട്ടും ഇന്നലെ സംസ്ഥാനത്തെ എല്ലാ ട്രഷറികളും തുറന്നു പ്രവർത്തിച്ചെങ്കിലും ഉച്ചവരെ കംപ്യൂട്ടർ സർവർ പണിമുടക്കിയതു കാരണം ആയിരക്കണക്കിനു പേർക്ക് പെൻഷൻ വാങ്ങാനാകാതെ മടങ്ങേണ്ടി വന്നു. രാവിലെ എത്തി ഉച്ചയ്ക്ക് ഒന്നര വരെ കാത്തിരുന്നവർക്കു മാത്രമാണ് പെൻഷൻ വിതരണം ചെയ്തത്. സാങ്കേതിക പ്രശ്‌നമാണ് വില്ലനായത്. ഇങ്ങനെ മടങ്ങിയവരുടെ മാനസികാവസ്ഥ എതിരാകുമോ എന്ന ഭയം ഇടതുമുന്നണിക്കുമുണ്ട്.

ഒന്നര വർഷമായി തുടരുന്ന ട്രഷറി സെർവർ ശേഷിക്കുറവ് പരിഹരിക്കാതെ 4 ദിവസം കൊണ്ടു പെൻഷനും ശമ്പളവും കൊടുത്തു തീർക്കാനുള്ള ശ്രമമാണ് പ്രശ്‌നത്തിനു കാരണം. കുറച്ചു പേർക്കു വച്ചാണ് സാധാരണ ഇതുകൊടുക്കുന്നത്. ഇത്തവണ അത് അട്ടിമറിച്ചതിന് കാരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുമ്പ് ആഘോഷമാക്കാനായിരുന്നു. അതാണ് പാളുന്നത്.

ബില്ലുകൾ വരുന്നതനുസരിച്ച് മാസത്തിലെ ആദ്യ 15 ദിവസങ്ങൾ കൊണ്ടാണു സാധാരണ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നത്. എന്നാൽ, ഈ മാസം പരിഷ്‌കരിച്ച ശമ്പളവും പെൻഷനും നൽകുന്നതിനാൽ വോട്ടെടുപ്പിനു മുൻപ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നു സർക്കാർ കണക്കുകൂട്ടി. ഇതോടെ അവധി ദിവസത്തിലും ട്രഷറി തുറന്നു.

അവധി ഉപേക്ഷിച്ച് 2 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ ശമ്പളവും പെൻഷനും വിതരണം ചെയ്യാനും ബില്ലുകൾ പ്രോസസ് ചെയ്യാനും ജീവനക്കാർ എത്തി. എന്നാൽ ഇത് വെറുതെയാവുകയായിരുന്നു. പ്രശ്‌നം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിന് പരിഹാരം കണ്ടെത്താൻ മാത്രം കഴിഞ്ഞില്ല. ഇതാണ് പെൻഷൻ വാങ്ങാനെത്തിയവരെ അലട്ടിയത്.

ഒരുമിച്ചു ബില്ലുകൾ എത്തുന്നതു സെർവറിനു പ്രശ്‌നമാകും എന്നതിനാൽ കഴിഞ്ഞ മാസം തന്നെ ബില്ലുകൾ വാങ്ങി പാസാക്കി വയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.