തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസങ്ങളിൽ ട്രഷറി തുറന്ന് പ്രവർത്തിക്കുമെന്ന് ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. 'രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് ഞായർ രാത്രി 12ന് ആരംഭിക്കും. ചൊവ്വ രാത്രി 12 വരെയാണ് പണിമുടക്ക്.

ദേശീയ പണിമുടക്കിൽനിന്ന് പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.

വാണിജ്യവ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോർ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കുന്നതുകൊണ്ട് കടകമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികളായ ആർ. ചന്ദ്രശേഖരൻ, എളമരം കരീം എംപി., കെ.പി. രാജേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

കൊച്ചി റിഫൈനറിയിൽ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേരള ഹൈക്കോടതി പുനഃപരിശോധിക്കണം. റിഫൈനറി തൊഴിലാളികൾ പണിമുടക്കിൽ ഉറച്ചുനിൽക്കുകയാണെന്നും അവർ അറിയിച്ചു.