ആലപ്പുഴ: കോവിഡ് ഡ്യൂട്ടി ചെയ്ത പൊലീസുകാർക്കു സംസ്ഥാന പൊലീസ് മേധാവി പ്രഖ്യാപിച്ചിട്ടുള്ള ബഹുമതിയായ കോവിഡ് വാറിയർ പതക്കത്തിനു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എൻ.എസിന്റെ പേര് ശുപാർശ ചെയ്തതായി പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ അറിയിച്ചു. പതക്കത്തിനാവശ്യമായ തുക കൈമാറുകയും ചെയ്യും. കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ പൊലീസുകാരെയും പ്രതിനിധീകരിച്ച് പ്രോത്സാഹനാർഥമാണ് നടപടി.

കോവിഡ് കാലത്ത് ടിആർഎ പ്രദേശത്ത് നടത്തുന്ന പൊലീസ് ബീറ്റ് പ്രവർത്തനങ്ങളെ അംഗീകരിച്ചാണ് പ്രാതിനിധ്യാടിസ്ഥാനത്തിൽ ഒരു പേര് ശുപാർശ ചെയ്യുന്നത്. സ്തുത്യഹർമായ സേവനം അനുഷ്ഠിക്കുന്നവർക്കെല്ലാം കൂടിയുള്ള സ്നേഹ സമ്മാനമാണിത്.

ബഹുമതിയായി നല്കുന്ന പതക്കം ആവശ്യമുള്ള പൊലീസുകാർ 100 രൂപ അടയ്ക്കണമെന്ന സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് ടിആർഎ മുന്നോട്ടു വന്നത്. ബഹുമതി സ്വീകരിക്കുന്നവരിൽ നിന്നു നേരിട്ടു തുക ഈടാക്കുന്നത് ഉചിതമല്ലാത്തതിനാലാണ് സേവനം ലഭ്യമായ സമൂഹമെന്ന നിലയിൽ ടിആർഎ പേരു നിർദ്ദേശിക്കുന്നത്.

പൊലീസ് കോൺസ്റ്റബിൾ 2009 ബാച്ചിൽപ്പെട്ട വിഷ്ണു എൻ.എസിനു ഇതിനകം ജില്ലാ പൊലീസ് മേധാവിയുടെ 17 ഗുഡ് സർവീസ് എൻട്രികളും ഒരു അപ്രീസിയേഷൻ ലെറ്ററും ലഭിച്ചിട്ടുണ്ട്. എആർ ക്യാമ്പ്, ട്രാഫിക് എന്നിവിടങ്ങളിൽ മുൻപ് പ്രവർത്തിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഗൺമാനായിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ സ്ഥലം മാറി എത്തും മുൻപ് മാരാരിക്കുളം, ആലപ്പുഴ സൗത്ത് സ്റ്റേഷനുകളിലും ജോലി ചെയ്തിട്ടുണ്ട്.

ആലപ്പുഴ, കൊല്ലം ജില്ലകളിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് 2017 മുതൽ മുപ്പതോളം മാല പൊട്ടിച്ചെടുക്കൽ കേസുകളിലെ രണ്ടു പ്രതികളെ വലയിലാക്കിയ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ 916 പ്രത്യേക സംഘം, മുല്ലയ്ക്കലിൽ ജൂവലറി കവർച്ച നടത്തിയവരെ പിടികൂടിയ സംഘം തുടങ്ങിയവയിൽ അംഗമായിരുന്നു. മണ്ണഞ്ചേരി ബൈക്ക് മോഷണം, ആലപ്പുഴയിൽ വിലകൂടിയ പൂച്ചകളുടെ മോഷണം തുടങ്ങിയ പല കേസുകളിലെയും പ്രതികളെ പിടികൂടാൻ മുഖ്യപങ്കു വഹിച്ചു. ടിആർഎയുടെ അഭിമുഖ്യത്തിൽ പൊലീസ് പട്രോളിംഗിനെ സഹായിക്കുന്നതും സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതുമായ ടിആർഎ-പൊലീസ് ഡിജിറ്റൽ ബീറ്റ് ബുക്കിൽ അംഗമാണ്.

ഇതേസമയം, ആലപ്പുഴയിൽ മഹാമാരി കോവിഡ്-19-യുടെ പ്രതിരോധ ശ്രമങ്ങളിൽ മനസും ശരീരവും സമർപ്പിക്കുന്നവർക്കായുള്ള ടിആർഎ-ഫാമിൽ കോവിഡ്-19 മനുഷ്യസ്നേഹി പുരസ്‌ക്കാരം സമ്മാനിച്ചിരുന്നു. മെഡിക്കൽ ഓഫീസർ ഡോ.ശരത് ചന്ദ്രബോസ്, സ്റ്റാഫ് നഴ്സ് എ.ആമിന, വെബ് ഡെവലപ്പർ ഷാർവിൻ ഷാജി, അഗ്രോണൊമിസ്റ്റ് എ.വി.സുനിൽ എന്നിവർക്കായിരുന്നു അത്.