പ്രശസ്ത തമിഴ്, തെലുഗു ചലച്ചിത്രതാരമാണ് തൃഷ. കൃഷ്ണന്റെയും ഉമ കൃഷ്ണന്റെയും മകളായി പാലക്കാട് ജനനം. ചെന്നൈയിലായിരുന്നു പഠനം. 1999ൽ മിസ്സ് ചെന്നൈ, 2001ൽ മിസ്സ് ഇന്ത്യ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ മലയാളി വേരുകളിൽ ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു എന്ന് വെളിപ്പെടുത്തുകയാണ് താരം. മഹേഷ് നാരായണൻ ചിത്രം സീ യൂ സൂണിന് അഭിനന്ദനവർഷവുമായി എത്തിയപ്പോഴാണ് തെന്നിന്ത്യൻ നടി തൃഷ കൃഷ്ണൻ തന്റെ കേരള ബന്ധം സൂചിപ്പിച്ചത്.

ഇൻസ്റ്റഗ്രാം സ്റ്റോറീയിലാണ് സീ യു സൂണിനെ ക്കുറിച്ച് തൃഷ കുറിച്ചിരിക്കുന്നത്. 2020 ലെ മികച്ച ചിത്രമാണിതെന്നും എന്റെ മലയാളി വേരുകളിൽ ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു എന്നുമാണ് തൃഷയുടെ പ്രതികരണം. തെന്നിന്ത്യൻ സിനിമാ മേഖലയിൽ സജീവമായ തൃഷ കൃഷ്ണൻ ജനിച്ചത് പാലക്കാടാണ്. മലയാളത്തിൽ ഹെയ് ജൂഡ് എന്ന ചിത്രം മാത്രമാണ് നടി ഇതുവരെ ചെയ്തിരിക്കുന്നത്. മികച്ച നിരൂപക പ്രശംസ ലഭിച്ച സീ യു സൂൺ സെപ്റ്റംബർ ഒന്നിനാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പൂർണമായും ഐ ഫോണിലാണ് സീ യു സൂൺ ചിത്രീകരിച്ചത്. 14 ദിവസം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. ഫഹദ് താമസിക്കുന്ന അപാർട്മെന്റിൽ 5 ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് ആയിരുന്നു താരങ്ങളെയും അണിയറ പ്രവർത്തകരെയും താമസിപ്പിച്ചതെന്ന് നേരത്തെ സംവിധായകൻ മഹേഷ് നാരായണൻ വ്യക്തമാക്കിയിരുന്നു.

പരസ്യചിത്രങ്ങളിലൂടെയാണ് തൃഷ ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്. ജോഡി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്‌സ ലേയ്‌സ എന്ന ചിത്രത്തിൽ അഭിനയിച്ചു. സൂര്യയോടൊപ്പം അഭിനയിച്ച മൗനെ പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്. പിന്നീട് വിക്രം അഭിനയിച്ച സാമി എന്ന ചിത്രത്തിൽ അഭിനയിച്ചു. ചിത്രം മികച്ച വിജയം നേടി. അതിനുശേഷം വിജയ് നായകനായി എത്തിയ ഗില്ലി എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ ചിത്രവും വാണിജ്യപരമായി മികച്ച വിജയം നേടി. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി തൃഷ തിളങ്ങി.