തിരുവനന്തപുരം: തലസ്ഥാനത്ത് മഴ തകർത്തു പെയ്യുമ്പോഴും മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വെള്ളത്തിൽ മുങ്ങാതെ കിഴക്കേകോട്ടയും തമ്പാനൂരും. എസ്എസ് കോവിൽ റോഡ് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് ചെറിയ തോതിലെങ്കിലും വെള്ളക്കെട്ടുണ്ടായത്.

കഴിഞ്ഞ മേയിലെ ചെറിയ വേനൽമഴയിൽ പോലും കിഴക്കേകോട്ടയും തമ്പാനൂരും വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. അതിൽ നിന്നും പാഠംപഠിച്ച് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കാൻ തുടങ്ങിയതും ഓടകൾ വൃത്തിയാക്കിയതുമാണ് നഗരത്തിന് രക്ഷയായത്. ആമയിഴഞ്ചാൻ തോടിന്റെ പുനരുജ്ജീവനപദ്ധതി നടപ്പാക്കാൻ കോർപ്പറേഷനും നഗരത്തിലെ ജനപ്രതിനിധികളും ഒരുമിച്ച് നിന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണിരാജു എന്നിവർ മന്ത്രിസഭയിലും വിഷയം ഉന്നയിച്ചു. നേരത്തെ 25 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിരുന്നത്. എന്നാൽ 30 ശതമാനം അധിക തുകകൂടി പിന്നീട് അനുവദിക്കുകയായിരുന്നു.

ആമയിഴഞ്ചാൻ തോടിലെ പായലും മാലിന്യവും നീക്കം ചെയ്ത് ആഴം കൂട്ടുന്നതിനൊപ്പം കണ്ണമ്മൂല പാലം മുതൽ നെല്ലിക്കുഴി പാലം വരെ സംരക്ഷണഭിത്തി നിർമ്മാണം, സീവേജ് പൈപ്പുകൾ സ്ഥാപിക്കൽ തുടങ്ങിയവയും ഉൾപ്പെടുന്നതായിരുന്നു പദ്ധതി. റെയിൽവേ സ്റ്റേഷനകത്തു കൂടി കടന്നുപോകുന്ന ഓടയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തതും ശ്രീചിത്രാഹോമിന് സമീപത്തെ തോട്ടിലെ തടസങ്ങൾ മാറ്റിയതും പുത്തരിക്കണ്ടത്തെ ഓവർഫ്‌ളോ ഡക്ടിൽ മാലിന്യം അടിയാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതും ഗുണമായി ഭവിച്ചു.

ആറുവർഷം മുമ്പ് കൊണ്ടുവന്ന 'ഓപ്പറേഷൻ അനന്തയുടെ രണ്ടാംഘട്ടം നടക്കാതായതോടെയാണ് വേനൽമഴയിൽ തലസ്ഥാന നഗരത്തിൽ വെള്ളക്കെട്ടുണ്ടായത്. നിശ്ചിത ഇടവേളകളിൽ നടത്തേണ്ട അറ്റകുറ്റപ്പണികളോ മാലിന്യം നീക്കലോ അപ്പോഴുണ്ടായിരുന്നില്ല. അന്ന് പഴി കേട്ട നഗരസഭയും ജില്ലാഭരണകൂടവും പിന്നീട് ഉണർന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് ഇത്തവണ കാര്യങ്ങൾ ചെറിയ വെള്ളക്കെട്ടിൽ അവസാനിച്ചത്.

കെട്ടാത്ത ചുമരും ഒഴുകിനടക്കുന്ന മാലിന്യങ്ങളും

കോർപ്പറേഷനും ജനപ്രതിനിധികളും ഉണർന്നുപ്രവർത്തിച്ചപ്പോൾ തമ്പാനൂരിലേയും കിഴക്കേകോട്ടയിലേയും ജനങ്ങൾക്ക് വെള്ളക്കെട്ടിൽ നിന്നും മുക്തി ലഭിച്ചെങ്കിലും പഴവങ്ങാടി- തകരപ്പറമ്പ് ഭാഗത്തെ ജനങ്ങൾക്ക് പറയാനുള്ളത് അധികൃതരുടെ അനാസ്ഥ തലവേദനയായ കഥയാണ്. പ്രശസ്തമായ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപം മൊബൈൽ പോയിന്റിന് മുന്നിൽ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ ഈ മഴക്കാലത്ത് നീക്കം ചെയ്യാൻ പോലും കോർപ്പറേഷൻ തയ്യാറായിട്ടില്ലെന്ന് സമീപത്തെ വ്യാപാരികൾ പരാതിപ്പെടുന്നു. ഈ മാലിന്യങ്ങൾ മഴവെള്ളത്തിൽ ഒഴുകിനടന്ന് സമീപത്തെ കടകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും ഇവർ പറയുന്നു. ഈ കോവിഡ് കാലത്ത് കൂടുതൽ രോഗങ്ങൾ പകരാൻ ഇടയാക്കും വിധമാണ് ഇവിടെ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. മഴയത്ത് മാലിന്യങ്ങൾ റോഡിലേയ്ക്ക് ഒഴുകിയിറങ്ങുന്നത് മൂലം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ മാലിന്യകുളം ചാടികടക്കേണ്ട അവസ്ഥയാണ്.

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനായി ജെസിബി ഇറക്കാൻ ഇവിടെയായി മതിലിന്റെ ഒരു ഭാഗം ഇടിച്ചിരുന്നു. എന്നാൽ പണി പൂർത്തിയായ ശേഷം ഇടിച്ചഭാഗം കെട്ടാതെ മണൽ നിറച്ച ചാക്ക് കൊണ്ട് ഭിത്തി നിർമ്മിച്ചിരിക്കുകയാണ്. കനത്ത മഴയത്ത് ആമയിഴഞ്ചാൻ തോട്ടിൽ വെള്ളം ഉയരുമ്പോൾ ചാക്കിനിടയിലൂടെ മലിനജലം കരയ്ക്ക് കയറുമോ എന്ന ഭീതിയിലാണ് ഇവിടത്തെ വ്യാപാരികൾ.

ആമയിഴഞ്ചാൻ തോട് മുറിച്ചുകടക്കുന്നതിന് മുമ്പ് കോർപ്പറേഷൻ നിർമ്മിച്ച ഇരുമ്പ് പാലം തകർന്ന് അപകടഭീഷണി ഉയർത്തുന്നവിധമാണ് നിലകൊള്ളുന്നത്. ഇവിടെ നിന്നും താഴേയ്ക്ക് പതിച്ചാൽ വീഴുന്നത് നഗരത്തിലെ കക്കൂസ് മാലിന്യങ്ങളടക്കം എല്ലാ മാലിന്യങ്ങളും ഒഴുകിയെത്തുന്ന ആമയിഴഞ്ചാൻ തോട്ടിലേയ്ക്കാണ് എന്നതാണ് ഭീകരത. അതിന് പുറമേയാണ് സൈഡ് വാൾ ഇടിച്ച് ചാക്ക് കെട്ട് അടുക്കി വഴിയാത്രക്കാരെ കൂടി അപകടത്തിലേയ്ക്ക് തള്ളിവിടാനുള്ള കോർപ്പറേഷന്റെ ശ്രമം.

മഴ കുറഞ്ഞിട്ടും താഴാതെ വെള്ളക്കെട്ട്

മഴയുടെ ശക്തി കുറഞ്ഞെങ്കിലും നഗരത്തിന്റെ ഉൾപ്രദേശങ്ങളിൽ നിന്ന് പൂർണമായും വെള്ളമിറങ്ങിയില്ല. കിള്ളിയാറിലും കരമനയാറിലും ജലനിരപ്പ് ഉയർന്നതും തിരിച്ചടിയായി. തിരുവല്ലം, മണക്കാട്, കണ്ണമ്മൂല, കുന്നുകുഴി, പാപ്പനംകോട്, നേമം, കമലേശ്വരം തുടങ്ങിയ വാർഡുകളിൽ കനത്ത വെള്ളക്കെട്ടാണ്. തിരുവനന്തപുരം താലൂക്കിലെ പൂഴിക്കുന്ന് ഗവൺമെന്റ് എൽ.പി സ്‌കൂൾ, ആറ്റിപ്ര ആറ്റിൻകര ഗവൺമെന്റ് എൽ.പി സ്‌കൂൾ, മണക്കാട് കാലടി ഗവൺമെന്റ് എച്ച്.എസ്.എസ് എന്നീ പുതിയ ക്യാമ്പുകളും ഇന്നലെ ആരംഭിച്ചു. വെള്ളക്കെട്ടുണ്ടായ 25 വാർഡുകളിൽ 10 വാർഡുകളിൽ നിന്ന് വെള്ളം ഭാഗികമായേ ഇറങ്ങിയുള്ളൂ.

വീടുകൾ അപകടാവസ്ഥയിലായതിനെ തുടർന്ന് വിഴിഞ്ഞത്ത് 18ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഗംഗയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറുകയും വീടുകളുടെ അടിത്തറയ്ക്ക് ബലക്ഷയം നേരിടുകയും ചെയ്തതിനെ തുടർന്നാണിത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും വീടുകൾ അപകട ഭീതിയിലായ ഒസാവിള, വയലിൻകര, മരിയം നഗർ, ചരുവിള ഭാഗങ്ങളിലെ ഏഴ് കുടുംബങ്ങളെ സെന്റ് ഊർസുല ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലേക്കും മാറ്റി. റവന്യൂ അധികാരികളും പൊലീസും നഗരസഭയും ചേർന്ന് ഇവരെ സ്‌കൂളിലേക്ക് മാറ്റിയത്.

നഗരത്തിലെ മഴക്കെടുതി വിലയിരുത്താൻ ഇന്നലെ നഗരസഭയിൽ മേയറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. കൂടുതൽ ദുരിതമുണ്ടായ വാർഡുകളിൽ കൗൺസിലറുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് പ്രത്യേക സംവിധാനം ഒരുക്കണം. നഗരസഭയുടെ കൺട്രോൾ റൂം പ്രവർത്തനങ്ങളെ പൂർണമായും ഉപയോഗിക്കാനും യോഗം തീരുമാനിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നത്തെ കൗൺസിൽ യോഗം മാറ്റി. മഴക്കെടുതി നേരിടുന്നതിന് നഗരസഭയുടെ ഹെൽത്ത് വിഭാഗത്തെയും എൻജിനിയറിങ് വിഭാഗത്തെയും ദുരന്തനിവാരണ വിഭാഗത്തെയും സജ്ജമാക്കി. കൺട്രോൾ റൂം നമ്പർ: 0471 2377702, 2377706.