അഡ്ലെയ്ഡ്: ടീം ഇന്ത്യയുടെ ഒരോപരാജയത്തിലും താരങ്ങൾക്കൊപ്പം തന്നെ ട്രോളുകൾ ഏറ്റവുവാങ്ങേണ്ടി വരുന്ന ഒരാളുകൂടിയുണ്ട്. മറ്റാരുമല്ല ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമയാണ് ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗം.ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ വീണ്ടും അനുഷ്‌കയെ ട്രോളി സോഷ്യൽ മീഡിയ.ഇന്ത്യയുടെ പരാജയത്തിനു പിന്നാലെ നിരവധി ട്രോളുകളാണ് താരത്തെ ചുറ്റിപ്പറ്റി പ്രചരിക്കുന്നത്.

കോലിയും അനുഷ്‌കയും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. പ്രസവ സമയത്ത് അനുഷ്‌കയ്ക്ക് പിന്തുണ നൽകാനായി ആദ്യ ടെസ്റ്റിനു ശേഷം കോലി നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ഇതെല്ലാം കൂട്ടിയിണക്കിയാണ് ട്രോളുകൾ വരുന്നത്.മുൻപ് പലപ്പോഴും വിരാട് കോലിയുടെ മോശം ഫോമിന്റെ പേരിലും അനുഷ്‌ക ശർമ പഴി കേട്ടിട്ടുണ്ട്.ഒരിക്കൽ താരം തന്നെ ഇതിനെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

നേരത്തെ പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരേ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന ആദ്യം ടീം എന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ തകർന്നടിയുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോറിലാണ് അഡ്ലെയ്ഡിൽ ടീം ഒതുങ്ങിയത്.മൂന്നാം ദിനത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞ ഓസീസ് പേസർമാർ ഇന്ത്യൻ സ്‌കോർ 21.2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 36 റൺസിൽ ഒതുക്കിയതോടെയാണ് നാണക്കേടിന്റെ റെക്കോഡ് നിലവിലെ ഇന്ത്യൻ ടീമിന് സ്വന്തമായത്.