മുംബൈ: ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവിയെയും അർണാബ് ഗോസ്വാമിയെയും വിടാതെ മുംബൈ പൊലീസ്. റിപ്പബ്ലിക് ടി.വി നിക്ഷേപകർക്ക് സമൻസ് അയച്ചു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് റിപ്പബ്ലിക് ടി.വിയുടെ അഞ്ച് നിക്ഷേപകർക്ക് സമൻസ് അയച്ചത്. വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

നിലവിൽ ടി.ആർ.പി തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുകയാണ് റിപ്പബ്ലിക് ടി.വി. ഇതിന് പുറമെ മൂന്ന് എഫ്.ഐ.ആറും മുംബൈ പൊലീസ് ചാനലിനും മാധ്യമപ്രവർത്തകർക്കുമെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അർണബ് ഗോസ്വാമിക്കെതിരെ മാത്രം നേരത്തെ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് അർണബിനെതിരായ കേസ്. റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾ റേറ്റിങിൽ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തൽ ഏറെ ചർച്ചയായിരുന്നു.

ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് മീറ്റർ സ്ഥാപിച്ചിട്ടുള്ള വീടുകളിൽ ചെന്ന് റിപ്പബ്ലിക് ടി.വി കാണാൻ പണം വാഗ്ദാനം ചെയ്തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. റിപ്പബ്ലിക് ടി.വി കാണാൻ വേണ്ടി ആളുകൾക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.