ലണ്ടൻ: ബ്രിട്ടനിൽ ഇന്ധനക്ഷാമം അതിരൂക്ഷമായതോടെ സഹായത്തിനായി പട്ടാളത്തെ വിളിച്ചു. അതുപോലെ പെട്രോൾ സ്റ്റേഷനുകളിൽ, അത്യാവശ്യ സേവന വിഭാഗങ്ങളിൽ ജോലിചെയ്യുന്നവരുടെ വാഹനങ്ങൾക്ക് മുൻഗണന നൽകുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പെട്രോൾ സ്റ്റേഷനുകളിലേക്ക് ആവശ്യത്തിനുള്ള ഇന്ധനം കൃത്യസമയത്ത് എത്തിക്കാൻ കഴിയാത്തതാണ് ഇപ്പോഴുള്ള ഇന്ധനക്ഷാമത്തിനു കാരണം.

പെട്രോൾ സ്റ്റേഷനുകൾക്ക് മുന്നിൽ നീണ്ട നിര ഇപ്പോഴും ദൃശ്യമാണ്. പലയിടങ്ങളിലും പെട്രോൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾ തമ്മിൽ വാക്കുതർക്കങ്ങളും സംഘട്ടനങ്ങളും ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തെക്ക് കിഴക്കൻ ലണ്ടനിലെ വെല്ലിംഗിൽ ഒരു പെട്രോൾ സ്റ്റേഷനു പുറത്ത് ഒരു വ്യക്തി കത്തിചൂണ്ടി മറ്റൊരാളിനെ ഭയപ്പെടുത്തുന്ന വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്ന രണ്ടുപേരും സ്ഥലം വിട്ടിരുന്നതായി പൊലീസ് അറിയിച്ചു.

ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികളുടെ ഭാഗമായി ഒരോ വ്യക്തിക്കും വാങ്ങാവുന്ന പെട്രോളിന് പരിധി നിശ്ചയിക്കും. മാത്രമല്ല, അടിയന്തര സേവന രംഗത്ത് ജോലിചെയ്യുന്നവർക്ക് പെട്രോൾ സ്റ്റേഷനുകളിൽ മുൻഗണന നല്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 2000-ൽ ഇതുപോലൊരു ഇന്ധനക്ഷാമം ഉണ്ടായപ്പോൾ അതിനെ നേരിടാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറും ഇത്തരത്തിലുള്ള നടപടികൾ കൈക്കൊണ്ടിരുന്നു. പലയിടങ്ങളിലും മാലിന്യശേഖരണം നിർത്തിവെച്ചതായി റിപ്പോർട്ടുകൾ വരുന്നു. ഇന്ധനക്ഷാമം ഇതുപോലെ തുടർന്നാൽ സ്‌കൂളുകളിലെത്താൻ കഴിയില്ലെന്നും ഓൺലൈൻ ക്ലാസ്സുകൾ പുനരാരംഭിക്കേണ്ടതായി വരുമെന്നും അദ്ധ്യാപക യൂണിയനുകളും മുന്നറിയിപ്പ് നൽകുന്നു.

അടിയന്തരമായി 150 സൈനിക ഡ്രൈവർമാരെ ഓയിൽ ടാങ്കറുകൾ ഓടിക്കുവാൻ തയ്യാറാക്കിയിട്ടുണ്ട്. ഏതുസമയത്തും സേവനത്തിനിറങ്ങാൻ പാകത്തിൽ സൈന്യം വിവിധയിടങ്ങളിൽ ക്യാമ്പ് ചെയ്യുന്നുമുണ്ട്. പരിഭ്രാന്തരായി ഇന്ധനം ആവശ്യത്തിലധികം വാങ്ങി ശേഖരിക്കുന്നത് ജനങ്ങൾ അവസാനിപ്പിച്ചാൽ തന്നെ പെട്രോൾ സ്റ്റേഷനുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകും എന്നാണ് പെട്രോൾ സ്റ്റേഷൻ യൂണിയൻ വക്താക്കൾ പറയുന്നത്. സൈന്യം കൂടി സേവനത്തിനിറങ്ങുന്നതോടെ ഈയാഴ്‌ച്ച അവസാനത്തോടെ സാധാരണ നില കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, എല്ലാവർക്കും ഇന്ധനംവാങ്ങി ശേഖരിക്കാൻ അവരുടേതായ കാരണങ്ങൾ ഉണ്ടെന്നും പക്ഷെ അങ്ങനെ വാങ്ങിക്കൂട്ടി പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധനം ലഭ്യമല്ലാതെ വന്നാൽ അത് എൻ എച്ച് എസ് ജീവനക്കാരുടെ പ്രവർത്തനത്തെ പ്രതികൊലമായി ബാധിച്ചേക്കാം എന്നും ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ കൗൺസിൽ ചെയർമാൻ ഡോ. ചാന്ദ് നാഗ്പാൽ പറഞ്ഞു. അതുകൊണ്ടുതന്നെ സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായിട്ടാണ് അടിയന്തര സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പെട്രോൾ സ്റ്റേഷനുകളിൽ മുൻഗണന നൽകുവാൻ സർക്കാർ ആലോചിക്കുന്നത്.

അതേസമയം പുതിയതായി 5000 വിദേശ ഡ്രൈവർമാർക്ക് വിസ നൽകുവാനുള്ള തീരുമാനവും കോമ്പറ്റീഷൻ നിയമം മരവിപ്പിച്ചതും സ്ഥിതിഗതികൾ മെച്ചപ്പെടാൻ സഹായിക്കുമെന്നാണ് ഇന്ധന കമ്പനികൾ വിലയിരുത്തുന്നത്. എന്നാൽ, അതിനനുസരിച്ച് ഉപഭോക്താക്കളും സംയമനം പാലിക്കേണ്ടതുണ്ട്. ആവശ്യത്തിനു മാത്രം ഇന്ധനം വാങ്ങുന്ന നിലയിലേക്ക് മടങ്ങിയാൽ മാത്രമെ പ്രതിസന്ധിയെ പൂർണ്ണമായും മറികടക്കാൻ കഴിയൂ എന്നും അവർ പറയുന്നു.