ശ്രീന​ഗർ: ജോ ബൈഡനെതിരായ ട്രംപിന്റെ പരാജയത്തെ ബിജെപി ഇന്ത്യയിൽ നിന്ന് പുറത്തുപോകുന്നതിന്റെ സൂചനയായി താരതമ്യം ചെയ്ത് പിഡിപി മേധാവിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. തിങ്കളാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവി മെഹ്ബൂബ മുഫ്തി പറഞ്ഞു, "അമേരിക്കയിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. അതിനാൽ ബിജെപിയും പോകും." ജമ്മുവിലെ വിവിധ സമുദായ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന.

ജമ്മു കാശ്മീരിലെ തൊഴിലില്ലായ്മയും ആർട്ടിക്കിൾ 370ഉം മുതൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് മെഹബൂബ മുഫ്തി ബിജെപിയെ കടന്നാക്രമിച്ചത്. ' തേജസ്വി യാദവിനെ ഞാൻ അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പിൽ അദ്ദേഹം ശരിയായ പാതയിലാണ് നയിച്ചത്. ' ബീഹാറിലെ ആർ.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവിനെ പിന്തുണച്ച് മുഫ്തി പറഞ്ഞു.

' ഞങ്ങളുടെ വിഭവങ്ങൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. പണ്ഡിറ്റുകളുടെ കാര്യം എന്തായി ? ബിജെപി വലിയ വാഗ്ദാനങ്ങൾ അവർക്ക് നൽകി. ബിജെപി ജമ്മു കാശ്മീരിനെ വില്പനയ്ക്ക് വച്ചു. പുറത്തു നിന്നുള്ളവരെ ക്ഷണിച്ചു- ഏതൊരു ഇന്ത്യാക്കാരനും ജമ്മു കശ്മീരിൽ ഭൂമി വാങ്ങാൻ അനുവദിക്കാനുള്ള കേന്ദ്ര തീരുമാനത്തെ ചൂണ്ടിക്കാട്ടി മെഹ്ബൂബ മുഫ്തി പറഞ്ഞു,

ജമ്മുകാശ്മീരിലെ യുവാക്കൾക്ക് തൊഴിലില്ല. ആയുധമെടുക്കുകയല്ലാതെ യുവാക്കൾക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ല. തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റ് വർദ്ധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ജമ്മു കാശ്മീരിൽ ജോലി ലഭിക്കുന്നു. ഞങ്ങളുടെ ആളുകളിൽ ആയിരക്കണക്കിന് പേർ ത്രിവർണ പതാകയ്ക്കായി ത്യാഗം ചെയ്തു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ സമാധാനത്തിന്റെ പാലമായി ജമ്മു കാശ്മീർ മാറണം. ' മെഹബൂബ മുഫ്തി പറഞ്ഞു.