മുംബൈ: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കിയതിന് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേസെടുത്തു പൊലീസ്. അശ്ലീല വീഡിയോകൾ സംപ്രേഷണം ചെയ്തെന്നാരോപിച്ച് പ്രമുഖ നിർമ്മാതാവ് ഏക്താ കപൂറിന്റെ ആൾട്ട് ബാലാജി ഉൾപ്പെടെ വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളായ എ.എൽ.ടി ബാലാജി, ഹോട്ട്ഷോട്ട്, ഫ്ലിസ്മൂവീസ്, ഫെനിയോ, കുക്കു, നിയോഫ്ലിക്സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ്, വെറ്റ്ഫ്ലിക്സ്, പോർട്ടലുകളായ എക്സ്വിഡിയോസ്, പോൺഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

'ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും വെബ്‌സൈറ്റുകളിലും അപ്ലോഡുചെയ്ത വീഡിയോകൾ അശ്ലീലമാണ്, വീഡിയോകളിൽ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകർഷിക്കുകയോ അശ്ലീല പ്രവർത്തികൾ ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്തിരിക്കാം. ഞങ്ങൾ നടിമാരെ 'ഇരകളായി' പരിഗണിക്കും, അവർ കുറ്റാരോപിതരല്ല' മഹാരാഷ്ട്ര സൈബർ ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറൽ യശസ്വി യാദവ് പറഞ്ഞു. യുവാക്കളിൽ വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കാൻ ഉതകുന്നതാണ് ഈ വീഡിയോകളെന്നും സ്ത്രീകളുടെ അന്തസിനെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെയും വെബ്‌സൈറ്റുകളുടെയും ഡയറക്ടർമാർക്കും ഉടമകൾക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം, ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനു കീഴിലാക്കിക്കൊണ്ടുള്ള ഉത്തരവ് ഡിസംബർ ഒൻപതിന് സർക്കാർ പുറപ്പെടുവിച്ചിരുന്നു.