ശ്രീനഗർ: ശ്രീനഗറിലെ ടുലിപ് ഉദ്യാനം വീണ്ടും തുറന്നു. വ്യാഴാഴ്ച മുതൽ ഇവിടേക്ക്​ സഞ്ചാരികളെ പ്രവേശിപ്പിച്ച്​ തുടങ്ങി. കഴിഞ്ഞവർഷം കോവിഡ്​ കാരണം ഉദ്യാനം തുറന്നിരുന്നില്ല. കോവിഡ്​ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ്​ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്​. മാസ്​ക്​ ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്​​. തെർമൽ സ്​കാനറുകളും സാനിറ്റൈസറുകളും ഒരുക്കിയിട്ടുണ്ട്​. ദാൽ തടാകത്തോട്​ ചേർന്ന്​ സബർവാൻ പർവതനിരകളുടെ താഴ്​വരയിലാണ്​​ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ്​ ഉദ്യാനം നിലകൊള്ളുന്നത്​.

30 ഏക്കർ വിസ്തൃതിയിൽ 2006ലാണ്​ ഉദ്യാനം നിർമ്മിക്കുന്നത്​. 65ലധികം ഇനങ്ങളിലായി 15 ലക്ഷം ടുലിപ്​ ചെടികൾ​ ഇവിടെയുണ്ട്​​. കൂടാതെ ഹയാസിന്ത്സ്, റാനുൻകുലസ്, ഡാഫോഡിൽസ് തുടങ്ങിയ ചെടികളു​ം സന്ദർശകർക്ക്​ നിറകാഴ്ചയൊരുക്കുന്നു. പ്രത്യേകം തയാറാക്കിയ കൂടങ്ങളിൽ ശരൽക്കാലത്ത് നട്ടുവളർത്തുന്ന ചെടികൾ വസന്തകാലത്താണ് പൂത്തുതുടങ്ങുക. ഒരു മാസമാണ്​ പൂക്കൾ ചന്തംചാർത്തുക​. എല്ലാ വർഷവും മാർച്ച് മധ്യത്തോടെയാണ്​ സഞ്ചാരികൾക്ക്​ തുറന്നുകൊടുക്കാറ്​. പൂക്കൾ തീരുന്നതോടെ ഉദ്യാനവും അടക്കും. ഏപ്രിൽ അഞ്ച്​ മുതൽ 15 വരെ ആഘോഷിക്കപ്പെടുന്ന ടുലിപ് ഫെസ്റ്റിവലിന്​ നിരവധി​ പേരാണ്​ എത്താറ്​. ഓരോ വർഷവും ഏകദേശം രണ്ട്​ ലക്ഷത്തിലധികം പേർ ഇവി​െട സന്ദർശിക്കാറുണ്ട്​.