ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങളുടെ ഭാഗമായി പുതിയ റെസിഡന്റ് ഗ്രീവൻസ് ഓഫീസറായി(പരാതി പരിഹാര ഉദ്യോഗസ്ഥൻ) വിനയ് പ്രകാശിനെ നിയമിച്ച് ട്വിറ്റർ. ഐടി ചട്ടത്തിലെ മറ്റൊരു ആവശ്യകതയായിരുന്ന ഇന്ത്യയിലെ ഉപയോക്താക്കളുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ഒരു സുതാര്യത റിപ്പോർട്ടും ട്വിറ്റർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റസിഡന്റ് ഗ്രീവൻസ് ഓഫീസറെ നിയമിക്കാൻ എട്ട് ആഴ്ചയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ നിയമനത്തിന് സർക്കാർ സമയം നൽകിയിട്ടും നിയമങ്ങൾ പാലിക്കാത്ത നടപടിക്കെതിരെ ഹൈക്കോടതി ട്വിറ്ററിനെ വിമർശിച്ചിരുന്നു.

എത്ര സമയമെടുക്കുമെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചപ്പോൽ എട്ട് ആഴ്ചയെടുക്കുമെന്നാണ് ട്വിറ്റർ മറുപടി നൽകിയത്. ഇന്ത്യയിൽ ലൈസൻസ് ഓഫീസ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നും അറിയിച്ചിരുന്നു.