ന്യൂഡൽഹി: പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കിൽ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ട്വിറ്റർ ചുമതലപ്പെടുത്തിയ എല്ലാ ഇടക്കാല ഉദ്യോഗസ്ഥരോടും കോടതി ആവശ്യപ്പെട്ടു.

പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് ഏട്ടാഴ്ചത്തെ സമയം ട്വിറ്റർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരനായ ഇടക്കാല ഉദ്യോഗസ്ഥനെ രണ്ടു ദിവസം മുൻപ് നിയമിച്ചതായും ട്വിറ്റർ കോടതിയെ അറിയിച്ചു. ജൂലായ് 11ന് ഉള്ളിൽ പരാതി പരിഹാര ഉദ്യോഗസ്ഥനെയും ഇടക്കാല നോഡൽ ഉദ്യോഗസ്ഥനെ രണ്ടാഴ്ചയ്ക്കുള്ളിലും നിയമിക്കുമെന്നും ട്വിറ്റർ കോടതിയിൽ പറഞ്ഞു.

രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം ഇന്ത്യക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള സമയപരിധി ട്വിറ്ററിന് സ്വന്തമായി നിശ്ചയിക്കാനാവില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ നിയമിക്കുന്നത് സംബന്ധിച്ച് കൃത്യമായ ഒരു സമയപരിധി കോടതിയെ അറിയിക്കാൻ ട്വിറ്റർ തയ്യാറായത്.

അതേ സമയം രാജ്യത്തിന്റെ നിയമങ്ങൾ പരമോന്നതമാണെന്നും ട്വിറ്റർ അത് പാലിക്കാൻ ബാധ്യസ്ഥരാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പുതിയ ഐ.ടി നിയമങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ട്വിറ്ററിന് പുതിയതായി ചുമതലയേറ്റ ഐടി മന്ത്രി മുന്നറിയിപ്പ് നൽകിയത്.

അതേസമയം പുതിയ ഐ.ടി ചട്ടങ്ങൾ പ്രകാരം ഇന്ത്യയിൽ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് 8 ആഴ്ച സമയം വേണമെന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ട്വിറ്ററിന് തോന്നിയ സമയം എടുക്കാനാകില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് സമയപരിധി നിശ്ചയിച്ച് ട്വിറ്റർ മറുപടി നൽകിയത്.

പുതിയതായി രൂപീകരിച്ച ഐടി ചട്ടം അനുസരിച്ച് സമൂഹമാധ്യമങ്ങൾ പരാതി പരിഹാരത്തിനായി ഇന്ത്യയിൽ താമസിക്കുന്ന ഉദ്യോഗസ്ഥനെ നിയമിക്കണം. ഐടി ചട്ടങ്ങളിൽ ആദ്യം കേന്ദ്രവുമായി വലിയ തർക്കം നിലനിന്നിരുന്നെങ്കിലും പിന്നീട് ധർമേന്ദ്ര ചതുറിനെ പരാതി പരിഹാര ഉദ്യോഗസ്ഥനായി ട്വിറ്റർ ഇന്ത്യ നിയമിച്ചിരുന്നു. എന്നാൽ ജൂൺ 27ന് അദ്ദേഹം രാജിവച്ചു. ഇതോടെ യുഎസ് പൗരനായ ജെറമി കെസ്സെലിനെ നിയമിച്ചെങ്കിലും ഇതു നിയമവിരുദ്ധമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.