ന്യൂഡൽഹി: പുതിയ ഐടി ചട്ടപ്രകാരം കേന്ദ്രസർക്കാരിന് സോഷ്യൽ മീഡിയ കമ്പനികൾ വിവരങ്ങൾ കൈമാറി. ഗൂഗിൾ, ഫേസ്‌ബുക്ക് വാട്‌സ്ആപ്പ്, ഗൂഗിൾ, കൂ, ഷെയർചാറ്റ്, ടെലിഗ്രാം എന്നിവയാണ് വിവരങ്ങൾ കൈമാറിയത്.

എന്നാൽ ട്വിറ്റർ മാത്രം മതിയായ വിവരങ്ങൾ കൈമാറിയിട്ടില്ലെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. ചീഫ് കംപ്ലയിൻസ് ഓഫീസർ, നോഡൽ ഓഫീസർമാർ, പരാതി നൽകേണ്ട ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങളാണ് കമ്പനികൾ നൽകിയത്. ട്വിറ്റർ ഇതുവരെ ചീഫ് കംപ്ലയിൻസ് ഓഫീസറുടെ വിവരങ്ങൾ നൽകിയിട്ടില്ലെന്നും ഐടി മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു

സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ കംപ്ലയ്ൻസ് ഓഫിസറെ നിയമിക്കുക, പരാതി പരിഹാര സംവിധാനം രൂപീകരിക്കുക, നിയമപരമായ ഉത്തരവ് വന്ന് 36 മണിക്കൂറിനുള്ളിൽ ഉള്ളടക്കം എടുത്തുമാറ്റുക എന്നിവ നിർബന്ധമാക്കുന്ന പുതിയ നിയമങ്ങൾ ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ബുധനാഴ്ച നടപ്പാക്കിയിരുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരും ഇന്ത്യൻ പൗരന്മാർ ആയിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

മൈക്രോബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ, പുതിയ ഐടി നിയമങ്ങൾ മാത്രമല്ല ഉള്ളടക്ക നിയന്ത്രണം സംബന്ധിച്ചും ഇന്ത്യയിൽ വിവാദത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തോടു നിബന്ധനകൾ നിർദ്ദേശിക്കുന്നതിനു പകരം രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്ന കർശന നിലപാട് കഴിഞ്ഞദിവസം ട്വിറ്ററിനെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.പുതിയ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് എതിരാണെന്നും നിലപാടെടുത്ത ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് കേന്ദ്ര സർക്കാരിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.