കൊച്ചി: എറണാകുളം പുക്കാട്ടുപടിയിൽ സൈക്കിളുമായി വീട്ടിൽ നിന്നിറങ്ങിയ രണ്ടു കുട്ടികളെ കാണാതായി. പുക്കാട്ടുപടി മലയിടംതുരുത്ത് സ്വദേശികളെയാണ് കാണാതായത്. മുഹമ്മദ് റിഹാൻ (14), മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ടു മുതൽ കാണാതായത്. സഹോദരിമാരുടെ മക്കളാണ് ഇവർ.

തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കുട്ടികൾ സൈക്കിളുമായി വീട്ടിൽ നിന്നിറങ്ങിയതെന്ന് പൊലീസ് പറയുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് പത്തരയോടെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും സൈക്കിളിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വീട്ടിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായതായി അറിവില്ലെന്നും ഇന്ന് രാവിലെ കുട്ടികളെ ഇടപ്പള്ളി-പാലാരിവട്ടം ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും തടിയിട്ടപറമ്പ് പൊലീസ് പറഞ്ഞു.