ന്യൂഡൽഹി: ബീഹാറിൽ അഞ്ഞൂറ് കിടക്കകൾ വീതമുള്ള രണ്ട് കോവിഡ് ആശുപത്രികൾക്ക് പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പട്നയിലെയും മുസാഫിർപൂരിലെയും 500 കിടക്കകളുള്ള ആശുപത്രികൾ ഉടൻ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് പിഎംഒ അറിയിച്ചു. വെന്റിലേറ്റർ സംവിധാനമുള്ള 125 ഐസിയു കിടക്കകളും 375 സാധാരണ കിടക്കകളുമാണ് ഈ ആശുപത്രികളിലുള്ളത്. ഓരോ കിടക്കയ്ക്കും ഓക്സിജൻ സംവിധാനവുമുണ്ട്.

സംസ്ഥാനത്തെ കോവിഡ് ചികിത്സ മെച്ചപ്പെടുത്താൻ ഈ സഹായം വളരെയധികം സഹായിക്കുമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാർ ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ്. രാജ്യത്തെ കോവിഡ് സജീവമായ പത്ത് സംസ്ഥാനങ്ങളിൽ ഒന്ന് ബീഹാറാണെന്ന് ഓ​ഗസ്റ്റ് 11 ന് നടന്ന അവലോകന യോ​ഗത്തിൽ പ്രധാനമന്ത്രി മോദി വെളിപ്പെടുത്തിയിരുന്നു. ഈ സംസ്ഥാനങ്ങൾ കോവിഡിനെ പരാജയപ്പെടുത്തിയാത് മഹാമാരിക്കെതിരെയുള്ള മികച്ച പോരാട്ട വിജയമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.