ഇക്വഡോർ ജയിലിൽ നിന്നും രക്ഷപ്പെടാനുള്ള തടവുകാരുടെ ശ്രമം ഏറ്റുമുട്ടലിൽ അവസാനിച്ചു. രണ്ട് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 28 തടവുകാരാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.

സംഘർഷങ്ങൾക്കൊടുവിൽ ഗുവാക്വിലിലെ ലിറ്റോറൽ പെനിറ്റൻഷ്യറിയുടെ നിയന്ത്രണം സുരക്ഷാ സേന തിങ്കളാഴ്‌ച്ച വീണ്ടെടുത്തു. പസഫിക് തീര നഗരത്തിലെ ഏറ്റവും വലിയ ജയിലാണ ഇക്വഡോർ. ഇപ്പോൾ ഇവിടെ സൈന്യത്തിന്റെ കനത്ത കാവലിലാണ്.

പുരുഷന്മാരുടെയും സ്ത്രീകളുടെയും പവലിയനെ വേർപെടുത്തിയ മതിലിനു മുകളിലൂടെ തടവുകാർ രക്ഷപ്പെടാൻ ശ്രമിക്കുന്നത് വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് 28 തടവുകാരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.

എട്ട്, ഒൻപത് പവലിയനുകളിൽ ജയിലിൽ കിടന്ന ആളുകൾ ടെറസുകളിലൂടെ പുറത്തുവന്ന് മൂന്ന്, ആറ് പവലിയനുകളിൽ തടവുകാരെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഇക്വഡോർ പൊലീസ് ജനറൽ ഫോസ്റ്റോ ബ്യൂസാനോ പത്രസമ്മേളനത്തിൽ പറഞ്ഞു.

ലോസ് ലഗാർട്ടോസ്, ലോസ് ചോനെറോസ് സംഘങ്ങൾ തമ്മിൽ ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന കലാപത്തിൽ ഏഴ് തടവുകാർക്ക് പരിക്കേറ്റതായി ലിറ്റോറൽ പെനിറ്റൻഷ്യറി ഡയറക്ടർ ഫ്രാങ്ക്‌ലിൻ ഹ്യൂർട്ടാസ് പറഞ്ഞു. മറ്റ് നാലുപേർക്ക് തിങ്കളാഴ്ച രാത്രി പരിക്കേറ്റു.

ഞായറാഴ്ച രാത്രി പത്തിനും തിങ്കളാഴ്ച പുലർച്ചെ രണ്ടിനും ഇടയിൽ വെടിവയ്‌പ്പ് കേട്ടതായി ജയിലിനടുത്തുള്ള താമസക്കാർ പറഞ്ഞു. സംഭവത്തെ തുടർന്ന് കൂടുതൽ സൈനികരെ ജയിലിലേക്ക് വിന്യസിച്ചു.

ഇക്വഡോർ നാഷണൽ പൊലീസിലെ ഏജന്റുമാർ ജയിലിൽ പരിശോധന നടത്തി ഗ്രനേഡ് ഉൾപ്പെടെ വിവിധ ആയുധങ്ങൾ പിടിച്ചെടുത്തു.

ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരെ ജൂലൈ ഒന്നിന് കോടതി ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കുമെന്ന് ഇക്വഡോർ അറ്റോർണി ജനറൽ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ക്വഡോറിൽ ജയിലുകൾക്കുള്ളിലെ പ്രശ്‌നങ്ങൾ പതിവാണ്. ഫെബ്രുവരി അവസാനം നാല് ഇക്വഡോർ ജയിലുകളിലായി നടന്ന കലാപത്തിനിടെ 80 തടവുകാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.