കാബൂൾ: അഫ്ഗാനിസ്ഥാനിൽ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. കോടതിയിലേക്ക് കാറിൽ പോകവെയാണ് ആക്രമണം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ജഡ്ജിമാർ സഞ്ചരിച്ച കാറിന് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സുപ്രീം കോടതി വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു.ജഡ്ജിമാർ കോടതിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു തോക്ക് ധാരികളുടെ ആക്രമണം.

അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികരുടെ എണ്ണം 2,500 ആയി കുറച്ചതായി പെന്റഗൺ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം. ആക്രമണം കാബൂൾ പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ താലിബാനാണെന്ന് അഫ്ഗാൻ അധികൃതർ കുറ്റപ്പെടുത്തി. എന്നാൽ താലിബാൻ ഇതു നിഷേധിച്ചു. അഫ്ഗാൻ സുപ്രീംകോടതിയിൽ 200 വനിതാ ജഡ്ജിമാരാണുള്ളത്.

അടുത്ത ഏതാനും മാസങ്ങളായി രാജ്യത്ത് വർധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. 2017ൽ അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേർ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷമാണ് അഫ്ഗാനിൽ നിന്ന് യുഎസ് സൈനികർ പിൻവാങ്ങുകയാണെന്ന് ട്രംപ് അറിയിച്ചത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ധാനം കൂടിയായിരുന്നു ഇത്. പക്ഷേ ഇത് താലിബാന് വളംവെക്കുമെന്നും ആഗോള സമാധാനത്തിന് ഭീഷണിയാവുമെന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു. കാര്യങ്ങൾ അങ്ങനെ തന്നെ നീങ്ങുകയാണെന്നാണ് അഫ്ഗാനിൽനിന്നുള്ള പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.