കോഴിക്കോട്: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത് വിൽപ്പന നടത്തിയ കേസിൽ രണ്ട് പേർ കോഴിക്കോട് പിടിയിൽ. കൊയിലാണ്ടി ബീച്ച് റോഡ് തൗഫത്ത് ഹൗസിൽ അബ്ദുള്ള മുഹ്ദാർ (23), കണ്ണൂർ പുതിയ തെരുവ് സ്വദേശി മുബാറക്ക് (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ പതിനഞ്ചാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം.

കോഴിക്കോട് ടൗണിലെ സി.എച്ച്. ഓവർ ബ്രിഡ്ജിനു സമീപം റെയിൽവെ ട്രാക്കിൽ വെച്ച് താമരശ്ശേരി സ്വദേശിയുടെ 17000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പിടിച്ച് പറിച്ച് യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ബീച്ചിൽ നിന്നും കെ എസ് ആർ ടി സി. ബസ് സ്റ്റാന്റിലേക്ക് പോവുകയായിരുന്ന താമരശ്ശേരി സ്വദേശിയായ 20 കാരനെയാണ് യുവാക്കൾ ആക്രമിച്ചു ഫോൺ പിടിച്ചു പറിച്ചത്. ഇയാളുടെ പരാതി പ്രകാരം കോഴിക്കോട് ടൗൺ പൊലീസ് കേസ് എടുക്കുകയും, പിടിച്ചുപറിച്ചവരുടെ അടയാളങ്ങൾ പരാതിക്കാരനിൽ നിന്നും മനസ്സിലാക്കിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

മറ്റൊരാൾക്ക് വില്പന നടത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. ടൗൺ പൊലീസ് സ്റ്റേഷൻ എസ്‌ഐ. മാരായ ഷൈജു.സി,. അബ്ദുൾ സലിം വി.വി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജേഷ് കുമാർ, ഷിബു, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത്. കെ, ജിതേന്ദ്രൻ, ജംഷാദ് എന്നിവർ ചേർന്നാണ് പിടിച്ചുപറിക്കാരെ പിടികൂടിയത്. കോഴിക്കോട് നഗരത്തിൽ തനിച്ച് നടന്ന് പോകുന്നവരെ അക്രമിച്ച് കവർച്ച നടത്തിയ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.