ലണ്ടൻ: തിങ്കളാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഒരുങ്ങുമ്പോൾ ബ്രിട്ടനിൽ കോവിഡ് കുതിച്ചുയരുന്നു. 36,000 കടന്നു രോഗികളും റെക്കോർഡ് മരണങ്ങളുമായി തളരാതെ കോവിഡ് മുൻപോട്ട് കുതിക്കുമ്പോൾ 19-ാം തിയതി മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകൾ ബ്രിട്ടനെ കുരുതി കൊടുക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വാതന്ത്ര്യത്തിന്റെ ദിവസങ്ങൾക്കായി ജനം കാത്തിരിക്കുമ്പോൾ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ 1,200 ഓളം രാജ്യത്തെ മുൻനിര ശാസ്ത്രജ്ഞന്മാരാണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

രാജ്യം തുറന്നിടാനുള്ള സർക്കാരിന്റെ നീക്കം കുറ്റകരവും ജനം പ്രതിരോധ ശക്തി കൈവരിച്ചെന്ന സർക്കാരിന്റെ ധാരണ വസ്തുതാ വിരുദ്ധമാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകി. മെഡിക്കൽ ജേണലായ ലാൻസെറ്റിൽ വിദഗ്ദരും ഡോക്ടർമാരും ഒപ്പുവെച്ച ഒരു ഫോറത്തിൽ ബോറിസ് ജോൺസന്റെ നീക്കം അശാസ്ത്രീയമാണെന്നാണ് വിദഗ്ദർ വിമർശനം ഉന്നയിച്ചത്. കോവിഡ് നിരക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണ നിരക്കും വർദ്ധിച്ചു വരികയാണെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന് മുമ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പ്രായപൂർത്തിയായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഡബിൾ വാക്സിനേഷൻ നൽകേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

ഇന്നലെ 50 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത്. ഏപ്രിലിനു ശേഷം ഇതാദ്യമാണ് ഇത്രയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുത്. ഇത് സൂചിപ്പിക്കുന്നത് കേസുകൾ വർദ്ധിച്ചു വരികയാണെന്നാണ്. കോവിഡ് കേസുകൾ ഇത്രയധികം കുതിച്ചുയരുന്നതും ആറു മാസത്തിനു ശേഷമാണ്. അതേസമയം എല്ലാ നിയന്ത്രണങ്ങളും അടുത്തയാഴ്ച നീക്കുമെന്ന് പ്രധാനമന്ത്രി വീണ്ടും ഉറപ്പിച്ചു പറഞ്ഞു. അതേസമയം നിയന്ത്രണങ്ങൾ ഇല്ലാതാകുന്ന അടുത്തയാഴ്ച മുതൽ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 2000ത്തിന് അടുത്തെത്തുമെന്നും മരണം 200ആകുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. മാത്രമല്ല നിയന്ത്രണങ്ങളിൽ ഇളവു വരുകയും ജനം സാധാരണ ജീവിതത്തിലേക്ക് കടക്കുകയും ചെയ്യുന്നതോടെ ആശുപത്രിക്കേസുകൾ 25,000ത്തിലേക്കും മരണം 3000 വരെയും എത്തുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ഇതോടെ തുറന്നിടാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിക്കഴിഞ്ഞു. ജനങ്ങളെ കുരുതി കൊടുക്കാനുള്ള സർക്കാർ നീക്കത്തിൽ നിന്നും പിന്മാറണമെന്ന് വിദഗ്ദർക്കൊപ്പം രാഷ്ട്രീയക്കാരും ആവശ്യപ്പെടുന്നു. അതേസമയം മിക്ക കോവിഡ് നിയന്ത്രണങ്ങളും തിങ്കളാഴ്ച എടുത്ത് കളയുമെന്ന് ബോറിസ് ജോൺസൺ ആവർത്തിച്ചു വ്യക്തമാക്കി. എന്നാൽ പുതിയ സ്വാതന്ത്ര്യം ജനം ദുരുപയോഗം ചെയ്താൽ സെപ്റ്റംബറിൽ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സിനിമാ തിയറ്ററുകൾ, സൂപ്പർമാർക്കറ്റ്, ട്രെയിൻ തുടങ്ങി ആൾത്തിരക്കുള്ള സ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം ഇന്നലെ ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. അതേസമയം അടുത്തയാഴ്ച ജനം സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോയാൽ ഈ സമ്മർ എത്തുമ്പോഴേക്കും പ്രതിദിന കോവിഡ് കണക്ക് 4,800ലെത്തുമെന്നും സേജ് റിപ്പോർട്ടിൽ പറയുന്നു.

ജൂലൈ 19ന് ശേഷവും ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങളിലെല്ലാം മാസ്‌ക് വയ്.ക്കുന്നത് നിർബന്ധമായും തുടരും. ട്രെയിൻ, ട്യൂബ്സ്, ബസുകൾ എന്നിവിടങ്ങളിലാണ് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളെടുത്തു കളഞ്ഞാലും മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്. തലസ്ഥാനത്തെ ടാക്സി ഡ്രൈവർമാരും യാത്രക്കാരും മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും ലണ്ടൻ മേയർ വ്യക്തമാക്കി. സ്‌കോട്ലൻഡിലും വെയിൽസിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ രാജ്യത്തെ മറ്റെല്ലാ സ്ഥലങ്ങളിലും മാസ്‌കിനോടുള്ള വിയോജിപ്പാണ് അറിയിച്ചത്.