ന്യൂഡൽഹി: ഉത്തർപ്രദേശിലെ അമേഠിയിൽ മുത്തച്ഛന് ഓക്സിജൻ സഹായം തേടി ട്വീറ്റ് ചെയ്തതിന് യുവാവിനെതിരെ യു.പി പൊലീസ് ക്രിമിനൽ കേസെടുത്തു. ശശാങ്ക് യാദവ് എന്ന 26 കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. ശശാങ്ക് ട്വിറ്ററിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതിനാലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഭയം പടർത്താൻ ഉദ്ദേശിച്ച് അഭ്യൂഹം പ്രചരിപ്പിക്കുക, ഭരണകൂടത്തിനെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിയമവും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ, ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കാനും സ്വത്ത് പിടിച്ചെടുക്കാനും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

യഥാർഥ പ്രശ്നം കരിഞ്ചന്തയും പൂഴ്‌ത്തിവെയ്‌പ്പുമായിരുന്നെന്നും സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഓക്സിജൻ വിതരണത്തിന് ഒരു കുറവുമില്ലെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. ചിലർ പൊതുജനങ്ങൾക്കിടയിൽ ഭയം വരുത്തിവെച്ച് സർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങന പ്രചരിപ്പിക്കുന്നതെന്നുമാണ് യോഗി പറഞ്ഞിരുന്നത്.