അബൂദബി: ടൂറിസ്റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവർക്കൊപ്പം കുട്ടികളുണ്ടെങ്കിൽ വിസാ ഫീസ് ഈടാക്കേണ്ടതില്ലെന്ന് യുഎഇ മന്ത്രിസഭാ തീരുമാനം. വിസാ നയത്തിൽ ഉദാരവൽക്കരണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണു തീരുമാനം. ഇതനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നു ടൂറിസ്റ്റ് വിസകളിൽ വരുന്നവരോടൊപ്പം 18 വയസ്സിനു താഴെയുള്ളവരുണ്ടെങ്കിൽ വിസാ നിരക്ക് വേണ്ടെന്നാണ് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ അറിയിച്ചത്.

ജൂലൈ 15 മുതൽ സപ്തംബർ 15 വരെയാണ് വിസാ നിരക്കിൽ ഇളവ് ലഭിക്കുക. ഇനിമുതൽ എല്ലാ വർഷവും ഇതേ മാസങ്ങളിൽ വിസ് ഫീസിൽ ഇളവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. മാതാവിന്റെയോ പിതാവിന്റെയോ കൂടെയാണ് കുട്ടികൾ വരുന്നതെന്ന് തെളിയിക്കുന്ന രേഖയാണ് വേണ്ടത്. ഹ്രസ്വ, ദീർഘ കാല ടൂറിസ്റ്റ് വിസകൾക്കെല്ലാം നിരക്കിൽ ഇളവ് ലഭിക്കും.

ടൂറിസ്റ്റ് വിസ ലഭിക്കാൻ ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ ചാനലുകൾ വഴിയും www.ica.gov.ae വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം. 'ഫാമിലി ടൂറിസ്റ്റ് വിസ' എന്ന ലിങ്കാണ് നിരക്ക് ഇളവ് ലഭിക്കാൻ തിരഞ്ഞെടുക്കേണ്ടത്. എമിറേറ്റ്സ് എയർലൈൻസ്, ഇത്തിഹാദ്, ഫ്ളൈ ദുബയ്, എയർ അറേബ്യ വിമാനക്കമ്പനികൾ വഴിയാണ് വിമാന ടിക്കറ്റ് അനുവദിക്കുക. ഇതിനുപുറമെ അംഗീകൃത ട്രാവൽ ഏജൻസികളിലൂടെയും ടിക്കറ്റെടുക്കാം.

വരുന്നവർ ഹോട്ടൽ ബുക്കിങ് വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. സാധാരണയായി യുഎഇ രണ്ട് തരം ടൂറിസ്റ്റ് വിസകളാണ് നൽകിവരുന്നത്. 30 ദിവസം കാലാവധിയുള്ള ഹ്രസ്വകാല വിസയും 90 ദിവസം വരെ രാജ്യത്ത് തങ്ങാനാകുന്ന ദീർഘകാല വിസയും. 200 ദിർഹമാണ് 30 ദിവസത്തെ വിസയ്ക്ക് ഈടാക്കുന്നത്. ആവശ്യം വരികയാണെങ്കിൽ ഇത് 30 ദിവസം കൂടി രണ്ടു തവണ പുതുക്കാം. അതേസമയം, 90 ദിവസം കാലാവധിയുള്ള വിസയ്ക്ക് 550 ദിർഹമാണ് ഫീസ് ഈടാക്കുന്നത്. രണ്ടു തവണയായി 30 ദിവസം വീതം വിസ പുതുക്കാനാകും. ഓരോ പുതുക്കലിനും 600 ദിർഹം നൽകണം