ഇടുക്കി: ഉടുമ്പൻചോലയിൽ സിറ്റിങ് എംഎൽഎയും മന്ത്രിയുമായി എം.എം. മണിയുടെ വിജയക്കുതിപ്പ്. യുഡിഎഫ് സ്ഥാനാർത്ഥി ഇ.എം. ആഗസ്തിയേക്കാൾ ഇരുപത്തി അയ്യായിരത്തിലേറെ വോട്ടിന്റെ ലീഡുമായാണ് വിജയം ഉറപ്പിച്ചത്.

വോട്ടെണ്ണി തുടങ്ങിയ സമയം മുതൽ ക്രമാനുഗതമായ മുന്നേറ്റമാണ് മന്ത്രി എംഎം മണി മണ്ഡലത്തിൽ നേടിയത്. മൂന്ന് റൗണ്ട് എണ്ണി തീർന്നപ്പോൾ തന്നെ പതിനായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയർത്താനും എംഎം മണിക്ക് കഴിഞ്ഞിരുന്നു.

1996 ൽ കന്നി നിയമസഭ പോരാട്ടത്തിൽ ആഗസ്തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്. ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പൻചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ആണ് പ്രചാരണ വേദികളിൽ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയർത്തുമെന്നായിരുന്നു ഇടതുമുന്നണിയുടെ അവകാശവാദം. ഇത് ശരിവയ്ക്കുന്നതാണ് വോട്ടെണ്ണൽ തുടങ്ങി നാല് മണിക്കൂർ പിന്നിടുമ്പോൾ വ്യക്തമാകുന്നത്.

2001 മുതൽ തുടർച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.എം. മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.

ഉടുമ്പൻചോലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എം അഗസ്തി നല്ല മത്സരമാണ് കാഴ്ചവെച്ചതെന്ന് എം.എം മണി പ്രതികരിച്ചു. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഗസ്തി തല മൊട്ടയടിക്കേണ്ടതില്ലെന്നും മണി പറഞ്ഞു.

തുടർഭരണം കിട്ടുമെന്നത് ശരിയാണെന്ന് ഇതുവരെയുള്ള വിധി വ്യക്തമാക്കുന്നെന്നും ജനങ്ങൾക്കൊപ്പം സർക്കാർ നിന്നതിന്റെ ഫലമാണ് ഇതെന്നും എം.എം മണി പ്രതികരിച്ചു.

എൽ.ഡി.എഫ് സർക്കാരിനെ ജനം നെഞ്ചേറ്റിയിരിക്കുന്നു. ഞാൻ ജയിച്ചതുകൊണ്ട് തലമൊട്ടയടിക്കുമെന്ന് ഇ.എം അഗസ്തി പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് തലമൊട്ടയടിക്കരുതെന്ന് ഞാൻ അഭ്യർത്ഥിച്ചിരിക്കുകയാണ്.

അദ്ദേഹം എന്റെ സുഹൃത്താണ്. എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അദ്ദേഹം തലമൊട്ടയിക്കാൻ പാടില്ല എന്ന് ഞാൻ വീണ്ടും അഭ്യർത്ഥിക്കുകയാണ്. അതാണ് എന്നെ സംബന്ധിച്ച് ശരിയെന്നാണ് തോന്നുന്നത്, എം.എം മണി പറഞ്ഞു.

മന്ത്രിസഭയിലേക്ക് ഉറപ്പാണോ എന്ന ചോദ്യത്തിന് അതിന് ഇനി എന്തെല്ലാം കടമ്പയുണ്ടെന്നും അതെല്ലാം പാർട്ടി ആലോചിക്കുമെന്നുമായിരുന്നു എം.എം മണിയുടെ മറുപടി. ഞാൻ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചു. ഇനി എന്ത് വേണമെന്ന് പാർട്ടി തീരുമാനിക്കും.

ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രിക അവതരിപ്പിച്ചു. ജനങ്ങളോടുള്ള പ്രതിബദ്ധത നിലനിർത്തും. ഈ കോവിഡ് കാലത്ത് കേരള ജനതയെ നെഞ്ചോടു ചേർത്തുപിടിച്ച് സർക്കാർ ആശ്വാസം പകരും എന്ന കാര്യത്തിൽ സംശയം വേണ്ടെന്നും എം.എം മണി പറഞ്ഞു.

ഉടുമ്പൻചോലയിൽ എം.എം മണി വിജയിച്ചാൽ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു ഇ.എം അഗസ്തിയുടെ പ്രഖ്യാപനം. ചാനൽ സർവേകൾ പെയ്ഡ് സർവേകളാണെന്നും അഗസ്തി പറഞ്ഞിരുന്നു.

ജനവിധി മാനിക്കുന്നുവെന്നും താൻ പറഞ്ഞ വാക്ക് പാലിച്ച് തലമൊട്ടയടിക്കുമെന്നും ഇ.എം അഗസ്തി പറഞ്ഞിരുന്നു.

മന്ത്രിയെന്ന നിലയിൽ മണി നേടിയ വാർത്താ ശ്രദ്ധയും സർക്കാരിന്റെ നേട്ടങ്ങളും ഇത്തവണ സഹായകരമാകുമെന്ന എൽഡിഎഫിന്റെ കണക്കു കൂട്ടൽ ശരിവയ്ക്കുന്നതാണ് ലീഡ് നില. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് മുൻ എംഎൽഎ കൂടിയായ മുതിർന്ന നേതാവ് ഇ.എം. ആഗസ്തിയെ ആയിരുന്നു. ബിഡിജെഎസിന്റെ സന്തോഷ് മാധവനാണ് എൻഡിഎ സ്ഥാനാർത്ഥി. എസ്എൻഡിപി യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കൗൺസിലറാണ് സന്തോഷ്.



25 വർഷത്തിനു ശേഷം എം.എം. മണിയും ഇ.എം. ആഗസ്തിയും ഒരു തിരഞ്ഞെടുപ്പു പോരാട്ടത്തിൽ, ഒരേ മണ്ഡലത്തിൽ നേർക്കുനേർ എന്ന കൗതുകവും ഇത്തവണയുണ്ടായി. 1996 ൽ എം.എം. മണി തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ മൽസരിച്ചത് ഇ.എം. ആഗസ്തിക്കെതിരെയായിരുന്നു; ഉടുമ്പൻചോലയിൽത്തന്നെ. അന്ന് തോറ്റു.

ഇത്തവണ, മണ്ഡലത്തിലെത്തിച്ച വികസനങ്ങൾ പറഞ്ഞാണ് മണി വോട്ടു ചോദിച്ചത്. ഇത്തവണ എൽഡിഎഫ് സർക്കാരിനു ഭരണത്തുടർച്ച കിട്ടിയാൽ പട്ടയനിയമം ഭേദഗതി ചെയ്ത് നിയമനിർമ്മാണം നടത്തുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. പട്ടയഭൂമിപ്രശ്‌നം നീറിനിൽക്കുന്ന മണ്ഡലത്തിൽ അതിൽപിടിച്ചായിരുന്നു ഇരുമുന്നണികളുടെയും പ്രചാരണം.

മുൻപ് എംഎൽഎ ആയിരുന്നപ്പോൾ നടത്തിയ വികസനങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ആഗസ്തിയുടെ വോട്ടു തേടൽ. ഭൂപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്യാമായിരുന്നിട്ടും എൽഡിഎഫ് സർക്കാർ അനങ്ങിയില്ലെന്ന് ആരോപിച്ച യുഡിഎഫ്, ഇത്തവണ അധികാരത്തിലെത്തിയാൽ ഭൂപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്ത് നിയമനിർമ്മാണം നടത്തുമെന്നും വാഗ്ദാനം ചെയ്തു.

2016 ലെ ഫലം

ഇ.എം. ആഗസ്തി
ആകെ വോട്ടർമാർ : 1,66,770
പോൾ ചെയ്ത വോട്ട് : 1,26,018
പോളിങ് ശതമാനം : 75.56
ഭൂരിപക്ഷം : 1,109

എം.എം.മണി (സിപിഎം): 50,813
സേനാപതി വേണു (കോൺഗ്രസ്): 49,704
സജി പറമ്പത്ത് (ബിഡിജെഎസ്): 21,799
ബി.സോമൻ (അണ്ണാഡിഎംകെ): 1,651
ഷാനവാസ് ബേക്കർ (എസ്ഡിപിഐ): 831
രാജു മഞ്ഞക്കുന്നേൽ (ബിഎസ്‌പി): 486
എം.ജെ.ഫ്രാൻസിസ് (സ്വത): 132
നോട്ട: 602