ന്യോൺ: 2023-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി പ്രഖ്യാപിച്ച് യുവേഫ. തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിലാണ് 2023-ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുക. ഇസ്താംബുളിലെ അറ്റാതുർക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഫൈനൽ. വെള്ളിയാഴ്‌ച്ചയാണ് യുവേഫ വേദി പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് സീസണുകളിൽ ഇസ്താംബുളിൽ നിന്ന് വേദി പോർച്ചുഗലിലെ ലിസ്‌ബണിലേക്ക് മാറ്റിയിരുന്നു. ഇതോടെ 2020-ൽ പി.എസ്.ജിയും ബയേൺ മ്യൂണിക്കും തമ്മിലുള്ള ഫൈനലും 2021-ലെ ചെൽസി-മാഞ്ചസ്റ്റർ സിറ്റി ഫൈനലും ഇസ്താംബുളിന് നഷ്ടമായി.

2022-ൽ നടക്കുന്ന ഫൈനലിന് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് വേദിയാകും. 2024-ലെ ഫൈനലിന് വെംബ്ലിയാണ് വേദി. 2023-ൽ യഥാർത്ഥത്തിൽ വേദിയായി നിശ്ചയിച്ചത് മ്യൂണിക്കായിരുന്നു. എന്നാൽ ഇസ്താംബുളിന് 2023 അനുവദിച്ചതോടെ 2025-ലെ ഫൈനലിന് മ്യൂണിക്ക് വേദിയാകും.