ലണ്ടൻ: രാജ്യത്തെ ആദ്യ രണ്ട് ഒമിക്രോൺ കേസുകൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരിൽ നിന്നെന്ന് ബ്രിട്ടൻ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. അതേ സമയം ദക്ഷിണാഫ്രിക്കയിൽനിന്ന് നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ വിമാനം ഇറങ്ങിയ 61 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.

ഇവരെ ഷിഫോൾ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ഇവരിൽ ഒമിക്രോൺ വകഭേദം ഉണ്ടോയെന്നു കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മനുഷ്യരിലെ രോഗ പ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിനു കഴിയുമെന്നാണു വിലയിരുത്തൽ.

ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാരാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയതിന് പിന്നാലെ അറുന്നൂറോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരിൽ 61 പേരാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.പോസീറ്റിവ് ആയവരിൽ ഒമിക്രോൺ വകഭേദം ഉണ്ടോ എന്ന് അറിയാനായി കൂടുതൽ പരിശോധനകൾ നടത്തണമെന്ന് ഡച്ച് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

നേരത്തെ ബെൽജിയത്തിലും ജർമനിയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഒട്ടേറെത്തവണ ജനിതകവ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് വകഭേദമാണ് ഒമിക്രോൺ. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒമിക്രോൺ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചത് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

പുതിയ കോവിഡ് തരംഗത്തിൽ രോഗികളുടെ എണ്ണം കുത്തനെ വർധിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് നെതർലാൻഡ്സ്. 85 ശതമാനം പേരും വാക്സിനെടുത്തിട്ടും കോവിഡ് കേസുകൾ ഉയർന്നതിനാൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.