ലണ്ടൻ: കോവിഡിനെ തകർത്ത് ബ്രിട്ടൻ മുന്നോട്ട് തന്നെ എന്നതിന്റെ ശക്തമായ തെളിവുകൾ നൽകി ഒരു ദിവസം കൂടികടന്നുപോയി. 1,946 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് വെറും നാല് കോവിഡ് മരണങ്ങൾ മാത്രം. ഇന്നൽ ഒരു മരണം മാത്രമായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. സെപ്റ്റംബർ 14 ന് ശേഷം ഇതാദ്യമായാണ് അടുപ്പിച്ച് രണ്ട് ദിവസങ്ങളിൽ മരണസംഖ്യ ഒറ്റയക്കത്തിൽ നിൽക്കുന്നത്. വാരാന്ത്യവും ബാങ്ക് അവധിയുമൊക്കെ ആയതിനാൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാനുള്ള കാലതാമസമാകാം മരണനിരക്ക് കുറച്ചതെന്ന ഒരു വാദവും നിലനിൽക്കുന്നു.

അതേസമയം, കഴിഞ്ഞ ഞായറാഴ്‌ച്ച ബ്രിട്ടനിൽ 2,08,362 വാക്സിൻ ഡോസുകൾ നൽകിയതായി കണക്കുകൾ പുറത്തുവന്നു. ഇതോടെ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് പേർക്ക് വാക്സിന്റെ രണ്ടു ഡോസുകളും നൽകിക്കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, പകുതിയിലേറെ പേർക്ക് വാക്സിന്റെ ആദ്യ ഡോസും നൽകിക്കഴിഞ്ഞിരിക്കുന്നു. പുതിയ കണക്കുകൾ പുറത്തുവന്നതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നത് വേഗത്തിലാക്കണമെന്ന ആവശ്യത്തിനും ശക്തികൂടി.

ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്നാണ് ഈ ആവശ്യം കൂടുതൽ ശക്തിയായി ഉയരുന്നത്. നിലവിൽ ഔട്ട്ഡോർ ഇടങ്ങളിൽ സേവനം ലഭ്യമാക്കുവാൻ മാത്രമാണ് അനുവാദമുള്ളത്. ഇൻഡോർ ഇടങ്ങളിൽ കൂടി സേവനം ലഭ്യമാക്കുവാൻ എത്രയും പെട്ടെന്ന് അനുമതി നൽകണമെന്ന് അവർ ആവശ്യപ്പെടുന്നു. ഭരണകക്ഷിയിലെ ഒരു കൂട്ടം എം പിമാരും ഈ ആവശ്യവുമായി രംഗത്തുണ്ട്. എന്നാൽ ബോറിസ് ജോൺസൺ ഇത്തരം സമ്മർദ്ദങ്ങൾക്കൊന്നും വഴങ്ങാനുള്ള ഭാവമില്ല. കരുതലോടെ സാവധാനം മുന്നോട്ട് പോകാൻ തന്നെയാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

ഏറ്റവും അശുഭാപ്തികരമായ റിപ്പോർട്ട് സമർപ്പിച്ച്, ബ്രിട്ടനിലെ ആദ്യ ലോക്ക്ഡൗണിന് കാരണക്കാരനായി പ്രൊഫസർ ലോക്ക്ഡൗൺ എന്ന വിളിപ്പെരു കിട്ടിയ പ്രൊഫസർ നീൽ ഫെർഗുസൻ പോലും ഇപ്പോൾ ഒരു മൂന്നാം വരവിന്റെ സാധ്യത തള്ളിക്കളയുകയാണ്. വാക്സിനുകൾ ഫലം ചെയ്യുന്നു എന്ന ഉത്തമബോദ്ധ്യമാണ് ഇപ്പോൾ അദ്ദേഹത്തിനുള്ളത്. അതുകൊണ്ടു തന്നെ വരുന്ന വേനൽക്കാലത്ത് ഒഴിവുദിനങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് അദ്ദേഹം തീർത്തു പറയുന്നു.

അതേസമയം, വേനലവധിക്ക് വിദേശയാത്രകൾ സാധ്യമാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. വിദേശയാത്രക്കാർക്ക് കോവിഡ് പരിശോധന കിറ്റ് സൗജന്യമായി നൽകുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നിയമങ്ങൾ അനുശാസിക്കുന്ന തരത്തിൽ പരിശോധനകൾ നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിനുള്ള പണച്ചെലവ് ഒഴിവാക്കുവാനായി അതിവേഗം ഫലം ലഭിക്കുന്ന പരിശോധനയ്ക്കുള്ള കിറ്റ് സൗജന്യമായി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

എന്നിരുന്നാലും, വിദേശങ്ങളിൽ നിന്നും തിരികെ എത്തുന്നവർ 50 പൗണ്ട് മുടക്കി ഗോൾഡ് സ്റ്റാൻഡേർഡ് പി സി ആർ പരിശോധന നടത്തേണ്ടതായി വരും. വിദേശയാത്രയ്ക്ക് മേൽ നിലവിലുള്ള നിരോധനം നീക്കുന്ന കാര്യം മെയ്‌ 17 ന് ബോറിസ് ജോൺസൺ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. എന്നാൽ, തിരിച്ചെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ വളരെ കുറവ് രാജ്യങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു എന്നാണ് അറിയാൻ കഴിയുന്നത്.

അതായത്, പരിശോധന ചെലവുകളും ക്വാറന്റൈൻ ചെലവുമെല്ലാം ഒരു വലിയ ശതമാനം ആളുകളെ വിദേശയാത്രയിൽ നിന്നും പിന്തിരിപ്പിച്ചേക്കാം. എന്നാലും ഇക്കാര്യത്തിൽ ഒരു നീക്കുപോക്കിന് ആരോഗ്യ വകുപ്പ തയ്യാറല്ല. വിദേശങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർ പി സി അർ പരിശോധന നടത്തിയിരിക്കണം എന്ന് അവർ നിർബന്ധമായി പറയുന്നു.