ലണ്ടൻ: കോവിഡ് ഡെൽറ്റ വേരിയന്റ് ബ്രിട്ടനെ ആശങ്കയിലാഴ്‌ത്തുന്നത് തുടരുകയാണ്. ബോൾട്ടനും ബെഡ്ഫോർഡും ഇന്ത്യൻ വകഭേദത്തെ ഒരുവിധം നിയന്ത്രണത്തിലാക്കിയപ്പോൾ ബ്ലാക്ക്‌ബേൺപുതിയ ഹോട്ട്സ്പോട്ടായി ഉയർന്ന് വരികയാണ്. ഇതോടെ ലോക്ക്ഡൗണിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യം പ്രാബല്യത്തിൽ വരുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗങ്ങൾ രംഗത്തെത്തി. എന്നാൽ, കോവിഡ് ഡെൽറ്റ ആദ്യമായി പ്രത്യക്ഷപ്പെട്ട ബോൾട്ടനിലും ബെഡ്ഫോർഡിലും അതിന്റെ വ്യാപനം വലിയൊരു പരിധിവരെ തടയാൻ വാക്സിനുകൾക്കായി എന്നത് സർക്കാരിന് ആശ്വാസം പകരുന്നുമുണ്ട്.

കോവിഡ് ഡെൽറ്റ ബാധിച്ച രോഗികളുടെ എണ്ണത്തിൽ ഇപ്പോൾ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്ലാക്ക്‌ബേണാണ് സർക്കാരിന് ഏറെ തലവേദന സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ച്ചയിൽ വ്യാപനതോത് 70 ശതമാനത്തോളം വർദ്ധിച്ചതാണ് ഏറെ ഭീതിജനകമായ കാര്യം. ലങ്കാഷയർ പട്ടണത്തിൽ ഇപ്പോൾ 1 ലക്ഷം പേരിൽ 365 രോഗികൾ എന്നതാണ് കണക്ക്. ഇത് മെയ്‌ 25 വരെയുള്ള കണക്കാണ്. അതോടെ ബോൾട്ടന്റെ, 1 ലക്ഷം പേരിൽ 362 രോഗികൾ എന്ന റെക്കോർഡ് തകർത്ത് പുതിയ ഹോട്ട്സ്പോട്ടായി മാറുകയായിരുന്നു. ബെഡ്ഫോർഡിലും പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്.

ഏതായാലും ഇനിയുള്ള രണ്ടാഴ്‌ച്ചകളാണ് ബ്രിട്ടനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമേറിയ ആഴ്‌ച്ചകൾ. ഈ കാലപരിധിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയും, കണക്കുകളെ അടിസ്ഥാനമാക്കിയും ആയിരിക്കും ജൂൺ 21 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കണമോ എന്ന കാര്യം തീരുമാനിക്കുക. ബോൾട്ടണിൽ കോവിഡ് ഡെൽറ്റയെ നിയന്ത്രിക്കുന്നതിൽ വാക്സിനുകൾ വിജയിച്ചു എന്നു പറയുമ്പോഴും ലോക്ക്ഡൗൺ നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് അത് സാധ്യമായത് എന്നതും ഒരു വസ്തുത തന്നെയാണ്.

കോവിഡ് ഡെൽറ്റയുടെ വ്യാപനം വർദ്ധിച്ചതോടെ കൊവിഡിന്റെ മൂന്നാം തരംഗവും ആരംഭിച്ചതായി ഈ രംഗത്തെ ചില വിദഗ്ദർ അനുമാനിക്കുന്നു. അതുകൊണ്ടുതന്നെ ലോക്ക്ഡൗൺ പൂർണ്ണമായും നീക്കുന്നതോടെ രോഗവ്യാപന തോത് കുത്തനെ ഉയരുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. വാക്സിനുകൾ രോഗം ഗുരുതരമാകുന്നത് തടയുന്നതിൽ വിജയിച്ചാൽ മരണനിരക്ക് കുറച്ചും, ആശുപത്രികളിലെ തിരക്ക് നിയന്ത്രിച്ചും വലിയ ഒരു ദുരന്തം ഒഴിവാക്കാൻ കഴിയുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്നലത്തെ കണക്കനുസരിച്ച് ഒരാഴ്‌ച്ചയിൽ ബ്രിട്ടനിലെ കോവിഡ് വ്യാപനതോത് വർദ്ധിച്ചത് 40 ശതമാനമാണ്. അതേസമയം കേവലം ഒരു കോവിഡ് മരണം മാത്രമാണ് ഇന്നലെ രേഖപ്പെടുത്തിയത്.

അതേസമയം മറുഭാഗത്ത് വാക്സിൻ പദ്ധതിയും പ്രതീക്ഷിച്ചതുപോലെ പുരോഗമിക്കുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ നാലിൽ മൂന്നുപേർക്കും വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അതുമാത്രമല്ല, പകുതിയോളം പേർക്ക് രണ്ടു ഡോസുകളും ലഭിച്ചിട്ടുണ്ട്.