ലണ്ടൻ: ബ്രിട്ടൻ അതിജീവനത്തിനുള്ള സമരത്തിൽ വിജയത്തോട് കൂടുതൽ അടുക്കുന്നു എന്നതിന്റെ സൂചനയുമായായിരുന്നു ഇന്നലത്തെ ദിവസം കടന്നുപോയത്. ഏപ്രിൽ 12 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തിയതിനു ശേഷവും പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുതന്നെ വരികയാണ്. ഇന്നലെ, 2,061 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 7 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

അതുപോലെ ഇന്നലെ രേഖപ്പെടുത്തിയത് 32 കോവിഡ് മരണങ്ങൾ മാത്രമായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച്ച 35 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതായത് കോവിഡ് മരണനിരക്കിൽ 8 ശതമാനത്തിന്റെ കുറവും ഇന്നലെ ദൃശ്യമായി. ഇതോടെ ബ്രിട്ടനിൽ, കോവിഡ് മൂലം മരണമടഞ്ഞവരുടെ മൊത്തം എണ്ണം 1,27,417 ആയിട്ടുണ്ട്. നിയന്ത്രണങ്ങൾ നീക്കി രണ്ടാഴ്‌ച്ച കഴിഞ്ഞും രോഗവ്യാപനതോത് വർദ്ധിച്ചില്ലെന്നു മാത്രമല്ല, കുറയുകയാണ് ഉണ്ടായതെന്ന വസ്തുത തീർച്ചയായും ആശാവഹമാണ്.

അതേസമയം എൻ എച്ച് എസ് ന്റെ പുതിയ കണക്കുകൾ പറയുന്നത് ബ്രിട്ടന്റെ ജനസംഖ്യയിലെ പകുതിയിലേറെ പേർക്ക് വാക്സിന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞു എന്നാണ്. ഏപ്രിൽ 23 വരെ മൊത്തം 38,189,536 ഡോസുകൾ ഇംഗ്ലണ്ടിൽ നൽകിക്കഴിഞ്ഞു എന്നാണ് എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ 28,102,852 എണ്ണം ആദ്യ ഡോസുകളായിരുന്നു. രോഗവ്യാപനം തടയുന്നതിൽ വാക്സിനേഷൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു.

വസ്തുനിഷ്ഠമായ പഠനങ്ങൾ വെളിപ്പെടുത്തുന്നത് വാക്സിന് രോഗവ്യാപനം തടയുവാൻ കഴിഞ്ഞു എന്നുതന്നെയാണെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. ഫൈസറിന്റെയോ ഓക്സ്ഫോർഡിന്റെയോ വാക്സിന്റെ ആദ്യ ഡോസിന് രോഗവ്യാപനതോതിൽ മൂന്നിൽ രണ്ട് കുറവ് വരുത്താനായതായി ഇവർ പറയുന്നു. ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്ന രോഗബാധയ്ക്കെതിരെ ഈ വാക്സിനുകൾ 74 ശതമാനം ഫലപ്രദമാണെന്നും അവർ പറഞ്ഞു. ഫൈസറിന്റെ രണ്ടാം ഡോസിനു ശേഷം എല്ലാ കേസുകളിലും 70 ശതമാനത്തിന്റെ കുറവുണ്ടായെന്നും ഇവർ പറയുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗബാധയുടെ കാര്യത്തിൽ 90 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇതുവരെ വരുത്തിയ ഇളവുകൾ ഒന്നുംതന്നെ തിരിച്ചടിച്ചിട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ധൈര്യമായി ഇനിയും ഇതുപോലെ മുന്നോട്ട് പോകാമെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. ധൃതിപിടിച്ച് എടുത്തുചാടാതെ, കരുതലോടെയുള്ള ബോറിസ് ജോൺസന്റെ സമീപനം വിജയം കണ്ടതായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.