ലണ്ടൻ: ഭാരതീയ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ പ്രദർശനങ്ങളിൽ ഒന്നായിരുന്ന ലെസ്റ്ററിലെ ദീപാവലി ആഘോഷം ഈ വർഷം ഉണ്ടാകില്ല. കൊറോണാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ വലിയതോതിൽ ആൾക്കൂട്ടം സാധ്യമാകാതെ വന്നതോടെയാണിത്. ഇതോടൊപ്പം ലസ്റ്ററിൽ ഈ വർഷത്തെ ക്രിസ്ത്മസ് ആഘോഷവും ഉണ്ടാകില്ല. സാധാരണയായി ഒക്ടോബർ, നവംബർ മാസങ്ങളിലായി നടക്കാറുള്ള ദീപാവലി ലൈറ്റ് സ്വിച്ച് ഓൺ ആഘോഷങ്ങൾ ആയിരക്കണക്കിന് ആളുകളേയാണ് ലെസ്റ്ററിലെ തെരുവുകളിൽ എത്തിക്കാറുള്ളത്.

കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മറ്റനേകം പരിപാടികൾ റദ്ദ് ചെയ്തതിനോടൊപ്പമാണ് ലെസ്റ്ററിലെ ഈ ആഘോഷ പരിപാടികളും റദ്ദാക്കിയത്. അതേസമയം, സധാരണപോലെ ദീപാലങ്കാരങ്ങൾ ഇക്കുറിയും ലെസ്റ്റർ തെരുവുകളിലുണ്ടാകും. എന്നാൽ പഴയപോലുള്ള ആഘോഷങ്ങളില്ലാതെ, ടൈമർ ഉപയോഗിച്ചായിരിക്കും ഇവ തെളിയിക്കുക. ഈ വർഷം ഈ രണ്ട് ഉത്സവങ്ങൾ ലെസ്റ്ററിൽ അരങ്ങേറില്ലെന്നത് വേദനാജനകമായ കാര്യമാണെങ്കിലും, കൊറോണ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയിൽ വ്യക്തിഗത സുരക്ഷക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ടൂറിസം, കൾച്ചർ ആൻഡ് ഇൻവേർഡ് ഇൻവെസ്റ്റ്മെന്റ്സ് ഡയറക്ടർ മൈക്ക് ഡാൽസെൽ പറഞ്ഞു.

ലസ്റ്റർ നിവാസികൾക്ക് മാത്രമല്ല, ഈ ആഘോഷ പരിപാടികൾ ആസ്വദിക്കാൻ വിദൂരദേശത്തു നിന്നു പോലും എത്താറുള്ള ആയിരക്കണക്കിന് ആൾക്കാർക്ക് തീർത്തും നിരാശയുളവാക്കുന്ന ഒരു തീരുമാനമാണിത്. അതുകൊണ്ട് തന്നെ പകരം സംവിധാനങ്ങൾ ഒരുക്കുന്നതിലുള്ള തിരക്കിലാണ് കൗൺസിൽ ഇവന്റ്സ് ആൻഡ് ഫെസ്റ്റിവൽ ജീവനക്കാർ. എന്നിരുന്നാലും ക്രിസ്ത്മസ് ആഘോഷങ്ങളുടെ ഭാഗമായ ജൂബിലി ചത്വരത്തിലെ ഐസ് റിങ്ക് ഈ വർഷം ഉണ്ടായിരിക്കുന്നതല്ല എന്നും കൗൺസിൽ അറിയിച്ചിട്ടുണ്ട്. ഈ ആഘോഷങ്ങളിലെ ഒരു പ്രധാന ആകർഷണമായിരുന്നു ഐസ് റിങ്ക്.

സാമൂഹിക അകലം പാലിക്കൽ, ഒരു സമയം നിശ്ചിത എണ്ണം ആളുകൾ മാത്രം സന്നിഹിതരാകുക തുടങ്ങിയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഐസ് റിങ്ക് അനുവദിക്കുന്നത് പ്രായോഗികവും ലാഭകരവുമല്ല എന്നതിനാലാണ് അത് റദ്ദാക്കുന്നതെന്നും മൈക്ക് ഡാൽസെൽ പറഞ്ഞു. അതേസമയം, എല്ലാം നല്ലതായി വരികയാണെങ്കിൽ 2021-ൽ ഐസ് റിംക് തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തികച്ചും വ്യത്യസ്തമായ ഒരു ക്രിസ്ത്മസ്സായിരിക്കും ഈ വർഷം ലോകം ആഘോഷിക്കുക. എന്നാൽ ആ ആഘോഷങ്ങളുടെ മാസ്മരികത നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലോക്ക് ടവറിൽ വലിയൊരു ക്രിസ്ത്മസ് ട്രീ ഉണ്ടായിരിക്കും. പുതിയ രീതികളിലുള്ള ദീപാലങ്കാരങ്ങളും ആഘോഷത്തിന്റെ ഭാഗമായി, ഹോഴ്സ്ഫെയർ സ്ട്രീറ്റിലും ഹംബർസ്റ്റോൺ ഗേയ്റ്റിലും ഉണ്ടാകും.

ദീപാവലിയും തികച്ചും വ്യത്യസ്തമായിരിക്കും എന്നു പറഞ്ഞ മൈക്ക്എന്നാൽ ദീപാവലി ആഘോഷത്തിന്റെ തിമിർപ്പും ചോർന്നു പോകാതിരിക്കാൻ പുതിയ പരിപാടികൾ ആവിഷ്‌കരിക്കുന്നുണ്ടെന്നും പറഞ്ഞു. ബെൽഗ്രേവിലെ ഗോൾഡൻ മൈലിൽ നടക്കുന്ന ദീപാവലി ആഘോഷങ്ങൾ രാജ്യത്തെ തന്നെ ഏറ്റവുംവലിയ ഹിന്ദു ഉത്സവാഘോഷമാണ്. കഴിഞ്ഞ വർഷങ്ങളിൽ വിദൂര ദേശങ്ങളിൽ നിന്നുപോലും ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഈ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ ലസ്റ്ററിൽ എത്തിയത്.

ഇതിനു പുറമേ ലെസ്റ്ററിന്റെ സ്വന്തം പൈതൃകമായ അബേയ് പാർക്കിലെ ബോൺഫയറും ഈ വർഷം കൊറോണപ്രതിസന്ധിമൂലം റദ്ദാക്കിയിട്ടുണ്ട്. കോസ്മോപൊളിറ്റൻ ആർട്സ് ഫെസ്റ്റിവൽ, ലെസ്റ്റർ ഇന്റർനാഷണൽ മ്യുസിക് ഫെസ്റ്റിവൽ എന്നിവയാണ് ഈ വർഷം റദ്ദാക്കിയ മറ്റ് പ്രധാന പരിപാടികൾ . പുതിയ രീതിയിലുള്ള ലെസ്റ്റർ ദീപാവലി ക്രിസ്ത്മസ് ആഘോഷങ്ങളുടെ വിശദ വിവരങ്ങൾ വരും ആഴ്‌ച്ചകളിൽ പുറത്തുവരും.