ലണ്ടൻ: പഠനാവശ്യത്തിനുള്ള പണം കണ്ടെത്താൻ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളെ പുറത്താക്കുന്ന നടപടിക്കെതിരെ മെഡിക്കൽ വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നു. ലൈംഗിക തൊഴിലാളികളായി ജോലിചെയ്യുന്ന വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുവാനും അവരെ പിന്തുണയ്ക്കാനും ആവശ്യപ്പെട്ട് ട്രെയിനീ ഡോക്ടർമാർ ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷനെ സമീപിച്ചു. അടുത്തമാസം നടക്കുന്ന ബി എം എയുടെ വാർഷിക സമ്മേളനത്തിൽ ഇതു സംബന്ധിച്ച പ്രമേയം ചർച്ചയ്ക്കെടുക്കും.

ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളെ കോവിഡ് കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ലൈംഗിക തൊഴിലിൽ ഏർപ്പെട്ട് പഠനത്തിനുള്ള ചെലവ് കണ്ടെത്തുന്ന വിദ്യാർത്ഥികളെ അതിന്റെ പേരിൽ ശിക്ഷിക്കുന്നതിൽ നിന്നും കോളേജുകളിൽ നിന്നു പുറത്താക്കുന്നതിൽ നിന്നും ഒഴിവാക്കുവാൻ ജനറൽ മെഡിക്കൽ കൗൺസിലിനേയും മെഡിക്കൽ സ്‌കൂൾസ് കൗൺസിലിനേയും പ്രേരിപ്പിക്കണം എന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.

പത്തിൽ ഒന്ന് മെഡിക്കൽ വിദ്യാർത്ഥികളും നഗ്‌നനൃത്തം, വേശ്യാവൃത്തി, എസ്‌കോർട്ട് തുടങ്ങിയവയിലേതെങ്കിലും മാർഗ്ഗങ്ങളിലൂടെ പണമുണ്ടാക്കുന്നു എന്ന് 2012-ൽ പ്രമുഖ മെഡിക്കൽ ജേർണലായ ബി എം ജെ റിപ്പോർട്ട് ചെയ്തിരുന്നു. പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനാണ് ഇതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ജീവിതച്ചെലവ് കൂട്ടാതെ ഫീസ് മാത്രം പ്രതിവർഷം 9,250 പൗണ്ടാണ്. മാത്രമല്ല, അഞ്ചു വർഷത്തെ കോഴ്സാണ് പഠിക്കേണ്ടത്.

അതേസമയം, സഹായം തേടി തങ്ങളുടെ അടുത്തെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ 12 മാസത്തിനുള്ളിൽ 30 ശതമാനത്തിലധികം വർദ്ധനയുണ്ടായിട്ടുണ്ട് എന്ന് ഇംഗ്ലീഷ് കൗൺസിൽ ഓഫ് പ്രോസ്റ്റിറ്റിയുട്ട്സും പറയുന്നു. വേശ്യാവൃത്തിയിലേക്ക് തിരിയുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അടുത്തമാസം ബി എം എയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി വക്താവ് ലോറ വാട്സൺ വ്യക്തമാക്കി.

മെഡിക്കൽ സ്‌കൂളുകളിലെ ഉയർന്ന ഫീസ് മാത്രമല്ല, മുൻകാലങ്ങളീൽ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നത് പോലെ പാർട് ടൈം ജോലികൾ ലഭ്യമല്ലാത്തതും ലൈംഗിക തൊഴിലിലേക്ക് തിരിയാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. എന്നാൽ, ഈ പ്രമേയം, പൊതുവായി വേശ്യാവൃത്തിയെ നിയമവിധേയമാക്കുന്നതാണ് എന്ന ആരോപണവുമായി ഒരുകൂട്ടം ഡോക്ടർമാരും ഫെമിനിസ്റ്റുകളും രംഗത്തെത്തിയിട്ടുമുണ്ട്.