കാബൂൾ: നേരത്തെ അഫ്ഗാൻകാര്യ നിരീക്ഷകർ പ്രവചിച്ചിരുന്നതുപോലെ പാശ്ചാത്യ രാജ്യങ്ങലുടെ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ പാളുകയാണോ: അമേരിക്കയുടെ പൂർണ്ണ പിന്മാറ്റത്തിന്റെ തീയതി ഇനിയും നീട്ടിയില്ലെങ്കിൽ അത് പാളുകതന്നെ ചെയ്യുമെന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറയുന്നത്. അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്നും പൂൂർണ്ണമായി പിൻവലിക്കുന്നത് വൈകിപ്പിച്ചില്ലെങ്കിൽ രാജ്യങ്ങളുടെ ഒഴിപ്പിക്കൽ ദൗത്യം നിർത്തേണ്ടി വരുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. അതായത്, അവിടെ കുടുങ്ങിക്കിടക്കുന്ന വിദേശികൾ അവരവരുടെ ജന്മനാടുകളിൽ തിരിച്ചെത്താൻ മറ്റു വഴികൾ തേടേണ്ടി വരുമെന്നർത്ഥം.

ഇന്നലെ മെയിലിൽ എഴുതിയ വികാരഭരിതമായ ഒരു ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സമയം അതിവേഗം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാരെ രക്ഷിക്കുവാനുള്ള നടപടികൾ അവസാനിപ്പിക്കേണ്ട സമയം അതിവേഗം അടുത്തുവരികയാണെന്നും അദ്ദേഹം പറയുന്നു. ഒരു രാജ്യത്തിനും തങ്ങളുടെ പൗരന്മാരെ പൂർണ്ണമായും ഒഴിപ്പിക്കാനാവില്ലെന്നു സമ്മതിച്ച അദ്ദേഹം, അഫ്ഗാന്റെ അയൽ രാജ്യങ്ങളിൽ അഭയാർത്ഥിക്യാമ്പുകൾ സജ്ജീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെട്ട് എത്തുന്നവർക്ക് അവിടങ്ങളിൽ അഭയം തേടാനാകും. പിനീട് ബ്രിട്ടീഷ് പൗരന്മാർക്ക് ഇവിടെനിന്നും ബ്രിട്ടനിലേക്ക് പറക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. പാക്കിസ്ഥാനിലും ടർക്കിയിലുമാണ് ആരംഭത്തിൽ ഇത്തരത്തിലുള്ള ക്യാമ്പുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ, അതിനു മുൻപായി അമേരിക്കക്കാർ വിട്ടുപോയ്ക്കഴിഞ്ഞാലും ബ്രിട്ടന്റെ സാന്നിദ്ധ്യം താലിബൻ അനുവദിക്കുമോ എന്നറിയുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

അതേസമയം, നേരത്തേ തീരുമാനി ഓഗസ്റ്റ് 31 ന് ശേഷവും അമേരിക്ക അഫ്ഗാനിൽ തുടരണമെന്ന അഭ്യർത്ഥനയും ബ്രിട്ടൻ മുന്നോട്ടു വച്ചിട്ടുണ്ട്. കൂടുതൽ നാൾ അമേരിക്ക അവിടെ തുടരുകയാണെങ്കിൽ ആവശ്യമായ എല്ലാ സഹായങ്ങളും ബ്രിട്ടൻ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വെറും 900 അംഗസംഖ്യ മാത്രമുള്ള ബ്രിട്ടീഷ് പട്ടാളത്തിന് അമേരിക്കൻ സൈന്യത്തിന്റെ സഹായമില്ലാതെ കാബൂളിൽ തുടരാൻ കഴിയില്ല. അതുകൊണ്ടു തന്നെ 6000 ത്തോളം വരുന്ന അമേരിക്കൻ സൈനികർ അഫ്ഗാൻ വിടുന്നതിനു മുൻപായി ഒഴിപ്പിക്കൽ നടപറ്റികൾ പൂർത്തീകരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു.

അതെസമയം ഇന്നലെ അമേരിക്കൻ പൗരന്മാരോട് വിമാനത്താവളത്തിൽ എത്തരുത് എന്നൊരു മുന്നറിയിപ്പ് നല്കിയിരുന്നു. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയുള്ളതിനാലായിരുന്നു ഇത്. വിമാനത്താവളത്തിന്റെ അമേരിക്കൻ അധീനതയിലുള്ള ഭാഗം 48 മണിക്കൂർ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ബ്രിട്ടൻ നിയന്ത്രിക്കുന്ന ഭാഗം പ്രവർത്തന സജ്ജമാണ്. ഇതുവരെ 3821 ബ്രിട്ടീഷ് പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ഇനി 3500 ന് അടുത്ത് ആളുകൾ കൂടി ഉണ്ടെന്നാണ് ഇന്നലെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

സ്വാതന്ത്ര്യം എന്ന വാടിക്കൊഴിഞ്ഞ സ്വപ്നത്തിന്റെ പര്യായമായി മാറുകയാണ് അതിനിടയിൽ കാബൂൾ വിമാനത്താവളം. ആയിരങ്ങളാണ് പ്രാകൃതഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യം തേടി രാജ്യത്തിനു വെളിയിൽ കടക്കുവാനായി ഇവിടെയെത്തിച്ചേരുന്നത്. ഈ തത്രപ്പാടിനിടയിൽ മനുഷ്യത്വവും സാമാന്യ മര്യാദകളുമൊക്കെ മറക്കുകയാണ് ജനം. തിക്കിലും തിരക്കിലും ഇന്നലെ നാലു സ്ത്രീകൾ മരണമടഞ്ഞതായാണ് പുറത്തുവരുന റിപ്പോർട്ടുകൾ പറയുന്നത്.

പ്ലെയിനിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ താഴെ വീണു മരിക്കുന്നതും മറ്റുമായ ഭീകരദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ച അഫ്ഗാൻ, അതിലും ദയനീയ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. വിമാനത്തിനു പുറകെ ഓടുന്ന ജനക്കൂട്ടവും, തങ്ങളുടെ മക്കളെ സൈനികർക്ക് കൈമാറി രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മമാരുമൊക്കെ ഒരു ജനതയുടെ ജീവിക്കുവാനുള്ള ആഗ്രഹിത്തിന്റെ പ്രതീകങ്ങളാവുകയാണ്.

അതിനിടയിൽ രാജ്യത്തുനിന്നും അഫ്ഗാൻ പൗരന്മാർ പുറത്തുകടക്കുന്നത് തടയുവാൻ സമാനതകളില്ലാത്ത ക്രൂരതകളുമായി താലിബാനും രംഗത്തുണ്ട്. ഇന്നലെ വിമാനത്താവളത്തിലെത്തിയ ഒരു വൃദ്ധനെ തോക്കിന്റെ പാത്തിവെച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സ്ത്രീക്കും മർദ്ദനമേറ്റു. അഫ്ഗാനിൽ മനുഷ്യത്വം നശിച്ചിരിക്കുന്നു എന്നാണ് ഒരു അഫ്ഗാൻ പൗരൻ മാധ്യമങ്ങളോട് പറഞ്ഞത്. മനുഷ്യാവകാശങ്ങൾ ഇല്ലാതെയായിരിക്കുന്നു.

അതിനിടയിൽ സാമ്പത്തിക തകർച്ചയും അഫ്ഗാൻ അഭിമുഖീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും ബാങ്കുകൾ കാലിയായതോടെ ഉപഭോക്താക്കൾക്ക് പണം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഭക്ഷണത്തിനു പോലും പലയിടങ്ങളിലും ആളുകൾ ബുദ്ധിമുട്ടുന്നതായി വാർത്തകൾ വരുന്നു.