ലണ്ടൻ: അന്തരിച്ച പിതാവിന് അന്തിമോപചാരമർപ്പിക്കാൻ മക്കൾ നാലുപേരും എത്തി. ചാൾസ് രാജകുമാരൻ, ആൻഡ്രു, എഡ്വേർഡ് അതുപോലെ ആനി രാജകുമാരി എന്നിവർ പിതാവുമായുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ചോർത്തെടുത്തു. നീണ്ട എഴുപത്തിമൂന്നു വർഷത്തെ വിവാഹജീവിതത്തിനിടയിൽ രാജ്ഞിക്ക് എന്നും ഏറ്റവുംവലിയ താങ്ങും തണലുമായിരുന്നു രാജകുമാരൻ. കഴിഞ്ഞ 69 വർഷമായി അധികാരത്തിലിരിക്കുന്ന രാജ്ഞിക്ക് എല്ലാക്കാര്യങ്ങളിലും ശക്തിപകർന്നിരുന്നത് അവരുടെ പ്രിയതമൻ തന്നെയായിരുന്നു.

മണ്ടന്മാരെ സഹിക്കുവാൻ തീരെ ഇഷ്ടമില്ലാതിരുന്ന ഒരു വ്യക്തിയായിരുന്നു ഫിലിപ്പ് രാജകുമാരനെന്ന ചാൾസ് രാജകുമാരൻ പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് സംസാരിക്കുമ്പോൾ കാര്യഗൗരവത്തോടെ മാത്രമേ സംസാരിക്കാറുള്ളു എന്നും ചാൾസ് തുടര്ന്നു. ഓരോ വ്യക്തിയേയും എന്നും ബഹുമാനത്തോടുകൂടി മാത്രമേ ഫിലിപ്പ് രാജകുമാരൻ കണ്ടിരുന്നുള്ളു എന്ന് മകൾ ആനി പറയുന്നു. എല്ലാവരുടെയു വ്യക്തിത്വത്തെ ബഹുമാനിച്ചു മാത്രമായിരുന്നു അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും.

ഭാര്യയെ ജോലിയിൽ സഹായിക്കുവാനായി റോയൽ നേവിയിലെ ജോലി ഉപേക്ഷിച്ച പിതാവിന്റെ വേർപാട് തന്റെ അമ്മയ്ക്ക് അത്രപെട്ടെന്ന് ഉൾക്കൊള്ളാനാവുന്നതല്ലെന്നും ആനി പറഞ്ഞു. പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും അനുകരണീയമായ ഏറെ മാതൃകകൾ നൽകിയശേഷമാണ് ഫിലിപ്പ് രാജകുമാരൻ വിടവാങ്ങുന്നതെന്ന് എഡ്വേർഡ് പറഞ്ഞു. 1921 ജൂൺ 10ന് ഗ്രീക്ക് ദ്വീപായ കോർഫുവിലെ തന്റെ കുടുംബവീട്ടിലെ അടുക്കളമേശയിൽ പിറന്നുവീണ ഫിലിപ്പ് രാജകുമാരന് ഗ്രീക്ക് രാജാവ് നാടുകടത്തപ്പെട്ടപ്പോൾ രാജ്യം വിട്ട് പലായനം ചെയ്യേണ്ടതായി വന്നു.

ഫിലിപ്പ് രാജകുമാരൻ മരണമടഞ്ഞതോടെ അദ്ദേഹം വഹിച്ചിരുന്ന ഡ്യുക്ക് ഓഫ് എഡിൻബർഗ് എന്ന പദവി ഇനി ഇളയമകൻ എഡ്വേർഡിന് ലഭിക്കുമെന്ന് ഉറപ്പായി. എന്നാൽ, അത് ഉടനടി ഉണ്ടാവുകയില്ല. രാജ്ഞി മരണമടയുകയോ സ്ഥാനമൊഴിയുകയോ ചെയ്തതിനുശേഷം സഹോദരൻ ചാൾസ് രാജാവായി അധികാരമേറ്റാൽ മാത്രമേ ഇത് ലഭിക്കുകയുള്ളു. 1999-ൽ സോഫീ ജോൺസുമായുള്ള വിവാഹം കഴിഞ്ഞയുടനെ, അച്ഛന്റെ പിൻഗാമിയായി ഡ്യുക്ക് ഓഫ് എഡിൻബർഗ് സ്ഥാനം എഡ്വേർഡ് തന്നെ വഹിക്കുമെന്ന് തീരുമാനിക്കപ്പെട്ടിരുന്നു.

1947-ൽ ഈ പദവി ഫിലിപ്പ് രാജകുമാരന് നൽകുമ്പോൾ ജോർജ്ജ് ആറാമൻ നിർദ്ദേശിച്ചതു പ്രകാരം ഫിലിപ്പിന്റെ മൂത്തമകൻ, പ്രിൻസ് ഓഫ് വെയിൽസ് ആയിരിക്കും ഈ പദവിയും വഹിക്കുക. എന്നാൽ, ചാൾസ് രാജാവായി അധികാരമേറ്റാൽ ഇത് പുതിയതായി എഡ്വേർഡിന് നൽകാനാകും. രാജകുടുംബത്തിലെ നിയമപ്രകാരം ഒരു പത്യേക പദവി വഹിക്കുന്നയാൾ സിംഹാസനാരോഹണം നടത്തിയാൽ അതോടെ ആ പദവി ഇല്ലാതെയാകും. പിന്നീട് അത് ഉണ്ടാക്കി മറ്റൊരാൾക്ക് നൽകാനാകും. അതോടെ എലിസബത്ത് രാജ്ഞി വഹിച്ചിരുന്ന ഡച്ചസ് ഓഫ് ഏഡിൻബർഗ് എന്ന ആലങ്കാരിക പദവി എഡ്വേർഡിന്റെ ഭാര്യയ്ക്ക് കൈവന്നു ചേരും.