ലണ്ടൻ: മതമൗലികവാദികളുടെ ഭീഷണി ഭയന്ന് ഒളിവിൽ പോയ അദ്ധ്യാപകന് സഹായമായി നാട്ടുകാർ പിരിച്ചു നൽകിയത് 50,000 പൗണ്ടോളം. പ്രവാചകന്റെ ചിത്രം ക്ലാസ്സിൽ പ്രദർശിപ്പിച്ചതിന് ഇസ്ലാം മതവിശ്വാസികളുടെ കോപത്തിനിരയായ അദ്ധ്യാപകനെതിരെ ബാറ്റ്ലി ഗ്രാമർ സ്‌കൂളിനു മുന്നിൽ കഴിഞ്ഞ മാർച്ചിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഫ്രഞ്ച് മാസികയിൽ പ്രസിദ്ധീകരിച്ച് വിവാദായ കാർട്ടൂൺ ആയിരുന്നു ഇയാൾ ക്ലാസ്സ് മുറിയിൽ പ്രദർശിപ്പിച്ചത്.

രണ്ടു ദിവസം നീണ്ട പ്രക്ഷോഭത്തിനൊടുവിൽ ഈ അദ്ധ്യാപകനെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. പിന്നീറ്റ് കുടുംബത്തിന്റെ സുരക്ഷയെ കരുതി തന്റെ പങ്കാളിക്കും നാല് കുട്ടികൾക്കുമൊപ്പം ഇയാൾക്ക് പൊലീസ് സംരക്ഷണത്തിൽ വീട് വിട്ടുപോകേണ്ടതായും വന്നു. സംഭവത്തിൽ സ്‌കൂൾ അധികൃതർ മാപ്പ് പറയുകയും പിന്നീട് അഭ്യന്തര അന്വേഷണത്തിനൊടുവിൽ അദ്ധ്യാപകനെ തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ, ജീവനിൽ കൊതിയുള്ളതിനാൽ ഇയാൾ നാടുവിട്ടുപോവുകയായിരുന്നു. സ്‌കൂളിൽ ജോലിക്ക് എത്തിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്.

ഇതേ സ്‌കൂളിൽ നിന്നു അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്ത മറ്റ് രണ്ട് അദ്ധ്യാപകരും, ജോലിയിൽ തിരിച്ചെടുത്തിട്ടും സുരക്ഷാ കാരണങ്ങളാൽ ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ധ്യാപകന് പിന്തുണ പ്രഖ്യാപിച്ചെത്തിയ രണ്ടായിരത്തോളം പേർ ചേർന്ന് ഗോ ഫണ്ട് മി വഴി 50,000 പൗണ്ട് ശേഖരിച്ചിരിക്കുന്നത്. ഏതാനും പൗണ്ടുകൾ നൽകിയവർ മുതൽ 5000 പൗണ്ട് നൽകിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. 2019-ൽ ബാറ്റ്ലി ആൻഡ് സ്പെൻ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പിനു മത്സരിച്ച രാഷ്ട്രീയ നേതാവ് പോൾ ഹല്ലോരനാണ് ഈ ഫണ്ട് രൂപീകരിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഫണ്ടിൽ ഇതുവരെ 50,000 പൗണ്ട് വരെ ശേഖരിച്ചതായി ഹല്ലോരൻ വെളിപ്പെടുത്തിയത്. ഒരു ചെറുപ്പക്കാരനേയും കുടുംബത്തേയും സംരക്ഷിക്കാൻ മുന്നോട്ടുവന്ന എല്ലാവർക്കും അദ്ദേഹ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ബാറ്റ്ലിയിലെ അദ്ധ്യാപകന്റെ കാര്യം എല്ലാവർക്കും അറിയാം. കാരണങ്ങൾ തേടാനുള്ളതല്ല ഈ പേജ്നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുവാനുള്ളതാണ് എന്നായിരുന്നു ഫണ്ടിനുള്ള അപേക്ഷ പോസ്റ്റ് ചെയ്ത പേജിൽ ഹല്ലോരൻ കുറിച്ചത്.

നേരത്തേ, ചില അധിക നടപടികളിലൂടെയും മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും പരിശീലനത്തിലൂടെയും ഇത്തരം പാകപ്പിഴകൾ ഒഴിവാക്കാനാകും എന്ന വിശദീകരണത്തോടെ സ്‌കൂളിന്റെ നടത്തിപ്പുകാരായ ബാറ്റ്ലി മൾട്ടി അക്കാഡമി ട്രസ്റ്റ് ഈ അദ്ധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചിരുന്നു. ഒരു സ്വതന്ത്ര അന്വേഷകനായിരുന്നു അഭ്യന്തര അന്വേഷണം നടത്തിയത്. പ്രസ്തുത റിപ്പോർട്ടിന്റെ വെളിച്ചത്തിലായിരുന്നു ട്രസ്റ്റ് അദ്ധ്യാപകനെ തിരിച്ചെടുത്തതും. എന്നാൽ, കൂടുതൽ അക്രമങ്ങൾ ഭയന്ന് അദ്ധ്യാപകനും കുടുംബവും ഒളിവിൽ പോവുകയായിരുന്നു.