കീവ്: അഫ്ഗാനിസ്താനിൽനിന്നുള്ള യുക്രൈൻ രക്ഷാദൗത്യ വിമാനം റാഞ്ചി എന്ന വാർത്ത നിഷേധിച്ച് യുക്രൈൻ വിദേശകാര്യ മന്ത്രാലയവും ഇറാൻ ഏവിയേഷനും. 31 യുക്രൈയിൻ പൗരന്മാരടക്കം 83 പേരടങ്ങുന്ന സംഘവുമായി അഫ്ഗാനിസ്താനിൽനിന്നുള്ള വിമാനം യുക്രൈയിൻ തലസ്ഥാനമായ കീവിൽ എത്തി. 12 സൈനിക ഉദ്യോഗസ്ഥരും തിരിച്ചെത്തിയതായി പ്രസിഡന്റിന്റെ ഓഫീസിൽനിന്ന് വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു.

ഇനിയും നൂറോളം യുക്രൈൻ പൗരന്മാർ അഫ്ഗാനിസ്താനിൽ ഉണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസിൽ നിന്ന് വ്യക്തമാക്കി. അഫ്ഗാനിസ്താനിലെത്തിയ യുക്രൈന്റെ രക്ഷാദൗത്യ വിമാനം റാഞ്ചി എന്നായിരുന്നു നേരത്തെ പുറത്തു വന്ന വാർത്തകൾ. യുക്രൈന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യേവ്ജെനി യാനിനെ ഉദ്ധരിച്ച് ന്യൂസ് ഏജൻസികളായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്.

അഫ്ഗാനിസ്താനിൽനിന്ന് യുക്രൈൻ പൗരന്മാരെ ഉൾപ്പെടുത്താതെ, ആയുധധാരികളായ ഒരു കൂട്ടം ആളുകൾ വിമാനം റാഞ്ചി എന്നായിരുന്നു ന്യൂസ് ഏജൻസിയായ ടി.എ.എസ്.എസ് റിപ്പോർട്ട് ചെയ്തത്. വിമാനം കണ്ടെത്താൻ വേണ്ടി യുക്രൈൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും യേവ്ജെനി യാനിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

തങ്ങളുടെ പൗരന്മാർക്കു വിമാനത്താവളത്തിലേക്കു കടക്കാൻ കഴിയാത്തതിനാൽ ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. റാഞ്ചിയ വിമാനം പിന്നീട് ഇറാനിൽ ഇറക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്ത തള്ളി യുക്രൈൻ വിദേശകാര്യമന്ത്രാലയവും ഇറാൻ വ്യോമയാന വക്താവും രംഗത്തെത്തുകയായിരുന്നു.

കാബൂളിൽനിന്നു പറന്നുയർന്ന വിമാനം ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷം യുക്രെയ്ൻ തലസ്ഥാനമായ കെയ്വിലേക്കു പോയെന്നാണ് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വക്താവ് മുഹമ്മദ് ഹസൻ ഷിബാക്സ് പറഞ്ഞത്. വിമാനം പോയതിന്റെ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രാത്രി തന്നെ വിമാനം കെയ്വിൽ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിമാനം പിന്നീട് കീവിൽ ഇറങ്ങിയിട്ടുണ്ടെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

അതേ സമയം കാബൂൾ: അഫ്ഗാനിസ്ഥാൻ പൗരന്മാർ രാജ്യംവിട്ടു പോകുന്നത് വിലക്കി താലിബാൻ രംഗത്തെത്തി. വിമാനത്താവളങ്ങളിലേക്ക് പോകാൻ അഫ്ഗാൻ പൗരന്മാർക്ക് അനുമതിയില്ലെന്ന് താലിബാൻ വക്താവ് വ്യക്തമാക്കി. അമേരിക്കൻ സേനയുടെ പിന്മാറ്റം ഓഗസ്റ്റ് 31ന് ശേഷം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടും താലിബാൻ ആവർത്തിച്ചു.

അമേരിക്കയ്ക്ക് അവരുടെ പൗരന്മാരെയും ഉദ്യോഗസ്ഥരെയും കൊണ്ടുപോകാം. അഫ്ഗാൻ പൗരന്മാരെ കൊണ്ടുപോകുന്ന നയം മാറ്റണമെന്നും ഡോക്ടർമാർ, എഞ്ചിനീയർമാർ അടക്കമുള്ള പ്രൊഫഷണലുകളെ കൊണ്ടുപോകരുതെന്നും താലിബാൻ ആവശ്യപ്പെട്ടു.

രാജ്യത്തെ വിദ്യാഭ്യാസ കാര്യങ്ങളുടെ താത്ക്കാലിക മേധാവിയായി താലിബാൻ നേതാവ് സകാവുള്ളയെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല അബ്ദുൾ ബാഖിക്കാണ്. സദർ ഹുസൈൻ ആക്ടിങ് ആഭ്യന്തരമന്ത്രി. ഗുൽ അഘ ധനകാര്യമന്ത്രി. മുല്ല ഷിറിനെ കാബുൾ ഗവർണറായും താലിബാൻ നിയമിച്ചു. ചെറുത്തുനിൽക്കുന്ന ഏക പ്രദേശമായ പാഞ്ച്ഷീറിൽ പ്രശ്നങ്ങൾ ഉടനടി നയപരമായി പരിഹരിക്കുമെന്നും താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.