കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നിരപരാധിയാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ തൃക്കാക്കര എം എൽഎ ഉമാ തോമസ്. ആർ ശ്രീലേഖയുടെ പ്രതികരണം പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എം എൽ എ പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാൾ ഇത്തരത്തിൽ പ്രതികരിക്കാമോ എന്ന് ജനം വിലയിരുത്തട്ടെ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. താൻ എന്നും അതിജീവിതയ്‌ക്കൊപ്പമെന്നും ഉമ തോമസ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് അന്വേഷണം നിർണായക വഴിത്തിരിവിൽ എത്തി നിൽക്കുമ്പോഴാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ പിന്തുണച്ച് മുൻ ഡിജിപിയുടെ രംഗപ്രവേശം. ദിലീപിനെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയർന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു.

ജയിലിനകത്ത് പൾസർ സുനിക്ക് ഫോൺ കൈമാറിയത് പൊലീസുകാരൻ ആണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. വിചാരണ തടവുകാരൻ ആയിരിക്കുമ്പോൾ ദിലീപ് കഷ്ടപ്പെട്ട് സെല്ലിൽ കഴിയുന്നതായി താൻ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതായും ശ്രീലേഖ വെളിപ്പെടുത്തി.