മലപ്പുറം: സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വർഗ്ഗീയ പരമാർശത്തിന് മറുപടിയുമായി ഉമ്മൻ ചാണ്ടി. പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞു. എൽ ഡി എഫ് കൺവീനറും സി പി എം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന് പാണക്കാട് പോകാൻ കഴിയാത്തതിൽ നിരാശയാണെന്നും അദ്ദേഹം പറഞ്ഞു.

സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെ യുഡിഎഫിനെതിരെ സിപിഎം വിമർശനം ഉന്നയിക്കുന്നു. എ വിജയരാഘവന്റെ പ്രസ്ഥാവനകളെല്ലാം ഇതിന്റെ ഭാഗമായി ആണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും. അവസരത്തിനൊത്ത് രാഷ്ട്രീയ നിലപാട് മാറ്റുന്ന പാർട്ടിയാണ് സിപിഎം. കെഎം മാണിയുടെ പാർട്ടിയുമായി വരെ കൂട്ടുകൂടാൻ സിപിഎമ്മിന് മടിയുണ്ടായിട്ടില്ല. കെഎം മാണി അഴിമതിക്കാരനല്ലെന്ന നിലപാടിൽ അന്നും ഇന്നും കോൺഗ്രസ് ഉറച്ച് നിൽക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയ സന്ദേശം കൃത്യമാണെന്നും, മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും എ വിജയരാഘവൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം