ന്യൂയോർക്ക്: ഒരു വനിതയെ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടണമെന്ന ആവശ്യം ശക്തമാകുന്നു. ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഇക്കുറി ഒരു വനിതയെന്ന ആവശ്യം ഉയരുന്നത്. 1945ൽ യു.എൻ സ്ഥാപിതമായത് മുതൽ പുരുഷന്മാരെ മാത്രമാണ് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. 75 വർഷത്തിനുശേഷം ഒരു സ്ത്രീ യുഎന്നിനെ നയിക്കേണ്ട സമയമാണിതെന്നാണ് സ്ത്രീ വാദികൾ ആവശ്യപ്പെടുന്നത്. ഇത്തവണ യു.എൻ മേധാവി സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ട് ഹോണ്ടൂറാസ് അംബാസഡർ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ഒരു വനിത എന്ന നിലയിൽ ഉയർന്ന് വരുന്ന പേര് ജർമ്മൻ ചാൻസിലറായ ഏഞ്ചല മെർക്കൽ ആണ്.15 വർഷത്തിലേറെയായി ജർമ്മനിയുടെ ചാൻസലറായി തുടരുന്ന ഏഞ്ചല മെർക്കൽ വീണ്ടും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2016 മുതൽ സെക്രട്ടറി ജനറൽ സ്ഥാനാർത്ഥിയായി മെർക്കലിന്റെ പേര് പ്രചരിക്കുന്നുണ്ട്.

നിലവിലെ യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ പോർച്ചുഗീസ് പ്രധാനമന്ത്രി കൂടിയായ അന്റോണിയോ ഗുട്ടെറസിന് യു.എൻ ജനറൽ അസംബ്ലിയിലും സെക്യൂരിറ്റി കൗൺസിലും വിപുലമായ പിന്തുണയുണ്ട്. യു.എൻ സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങളുടെ നിർണായക പിന്തുണയും ഗുട്ടെറസിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി മെയ്‌, ജൂൺ മാസത്തോടെ അന്തിമ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും.

ആഗോളതലത്തിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ട രീതിയിൽ ഇടപെട്ടിട്ടില്ലെന്ന് നിരവധി സർക്കാർ ഇതര ഗ്രൂപ്പുകളിൽ നിന്ന് ഗുട്ടെറസ് വിമർശനങ്ങൾ നേരിടുന്നുണ്ട്. നേരത്തെ യു.എൻ അഭയാർഥി വിഭാഗത്തിന്റെ അധ്യക്ഷനായി മികച്ച രീതിയിൽ സേവനമുഷ്ഠിച്ച ഗുട്ടെറസിന് സിറിയ, യെമൻ ഉൾപ്പെടെയുള്ള തർക്ക വിഷയങ്ങൾ പരിഹാരിക്കുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡുകളില്ലെന്നും വിമർശനമുണ്ട്.