പന്തളം: എംസി റോഡില്‍ കുളനട ജങ്ഷനില്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസും ചരക്കു ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിട്ടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ക്യാബിനില്‍ കുടുങ്ങി. ചെങ്ങന്നൂര്‍, അടൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് ഇരുവരെയും രക്ഷിച്ചത്. ഇതില്‍ ബസ് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.

എം.സി റോഡില്‍ രണ്ടു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ പൈവഴി കുളനട കുറിയാനിപ്പള്ളി വഴി തിരിച്ചു വിടുകയും ചെയ്തു. മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തിന് പോയ ടൂറിസ്റ്റ് ബസും തമിഴ്നാട്ടില്‍ നിന്ന് ചരക്കു കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസില്‍ 45 യാത്രക്കാരുണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാവിലെ 6.45 നാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.

പിന്നാലെ അടൂരില്‍ നിന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റെത്തി വാഹനങ്ങളുടെ ക്യാബിന്‍ മുറിക്കാനുള്ള ശ്രമം ആരംഭിച്ചു. ഒരു യൂണിറ്റിന് മാത്രം കഴിയില്ലെന്ന് വന്നപ്പോഴാണ് ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്സിന്റെ സഹായം തേടിയത്. വാഹനങ്ങള്‍ ഏറെക്കുറെ റോഡിന്റെ മധ്യത്തില്‍ ആയിരുന്നതിനാല്‍ ഗതാഗതം പൂര്‍ണമായും കുരുങ്ങി. ഇതോടെ പോലീസ് വാഹന ഗതാഗതം വഴി തിരിച്ചു വിടുകയായിരുന്നു. എട്ടരയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി വാഹനങ്ങള്‍ മാറ്റി. റോഡില്‍ ചിതറി കിടന്ന ചില്ലുകളും മറ്റ് അവശിഷ്ടങ്ങളും അഗ്‌നിശമന സേന വെള്ളമൊഴിച്ച് നീക്കി.

മാനന്തവാടി നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ എമറാള്‍ഡ് എന്ന ബസ്സും സിമന്റ് ലോഡുമായി അടൂരില്‍ നിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വന്ന കണ്ടെയ്‌നര്‍ ലോറിയും ആണ് കൂട്ടിയിടിച്ചത്. അമിത വേഗതയില്‍ വന്ന ബസ് എതിര്‍ ദിശയില്‍ നിന്ന് വന്നുകൊണ്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.