ഷിരൂര്‍: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍. നിലവില്‍ സ്‌കൂബാ സംഘം മാത്രമേ ഷിരൂരിലുള്ളൂ. ലോറിയെ ശാസ്ത്രീയ അപഗ്രഥനങ്ങളിലൂടെ കണ്ടെത്താനെത്തിയ മലയാളിയായ റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘം അടക്കം മടങ്ങി.

അര്‍ജുനും ട്രക്കും മുങ്ങിത്താണ ഗംഗാവലിപ്പുഴയില്‍ ഐ ബോര്‍ഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നാലാമത്തെ സിഗ്‌നല്‍ ഇന്നലെ ലഭിച്ചത് പ്രതീക്ഷയേകുന്നതായിരുന്നു. പുഴയില്‍ കരയില്‍ നിന്ന് 60 മീറ്റര്‍ മാറി രൂപംകൊണ്ട മണ്‍തിട്ടയ്ക്കുള്ളിലാണ് സിഗ്‌നല്‍ കിട്ടിയത്. ഇതിനടിയില്‍ ട്രക്കുണ്ടാകാമെന്നാണ് പുതിയ നിഗമനം. എന്നാല്‍ പുഴയിലെ കുത്തൊലിപ്പ് കാരണം രക്ഷാപ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി.

തെരച്ചില്‍ ആരംഭിച്ച് 12 നാളുകള്‍ പിന്നിടുമ്പോള്‍ ഗംഗാവലി നദിയിലെ ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ ഡിങ്കി ബോട്ടുകളുമായി പുഴയിലിറങ്ങിയെങ്കിലും ബോട്ടുകളെ തട്ടിതെറിപ്പിക്കാവുന്ന വിധത്തിലാണ് നദി കുത്തിയൊലിക്കുന്നത്. അടിയൊഴുക്ക് കുറയുന്നത് വരെ കാത്തിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അര്‍ജുന്‍ ലോറിയില്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ കരുതലോടെ നീങ്ങാനാണ് തീരുമാനം.

ബോട്ടുകള്‍ പുഴയില്‍ നില ഉറപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മുങ്ങല്‍ വിദഗ്ധരുടെ ജീവന് പോലും ഭീഷണിയാകുമെന്നത് മുന്‍നിര്‍ത്തിയാണ് ദൗത്യത്തില്‍ കാലതാമസം നേരിടുന്നത്. വിദഗ്ധര്‍ക്കായി ഫ്ളോട്ടിംഗ് പ്രതലം ഉള്‍പ്പെടെ തയ്യാറാക്കാന്‍ ആലോചന ഉണ്ടെങ്കിലും നിലവില്‍ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ നേവിയുടെ സ്‌കൂബാ സംഘം കാത്തിരിക്കും.

നദിയുടെ മദ്ധ്യഭാഗത്ത് രൂപപ്പെട്ട മണ്‍കൂനയില്‍ ലോറിയുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇവിടെ ഇറങ്ങി മുങ്ങി പശിശോധിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. അതിനാല്‍ മറ്റ് പ്രായോഗികമായ വഴികള്‍ കണ്ടെത്താനുള്ള നീക്കത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇന്നലെയും ഷിരൂരിലെ സമീപ പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. ലഭിച്ചത് പ്രധാനപ്പെട്ട ഇമേജ് ആണെന്ന് ഷിരൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയ റിട്ട. മേജര്‍ ജനറല്‍ ഡോ. ഇന്ദ്രബാലന്‍ പറഞ്ഞു. ട്രക്കിന്റെ നീളം വരുന്ന ലോഹഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്.

ഉടന്‍ പുഴയിലിറങ്ങി അടിത്തട്ടില്‍ പരിശോധന നടത്താന്‍ സാധ്യത കുറവാണ്. അടിയൊഴുക്ക് ഇന്നലെ 5.5 നോട്സ് ആയിരുന്നു. ഇതൊരു 3.5 ലേക്ക് കുറഞ്ഞാല്‍ മാത്രമേ ദൗത്യസംഘത്തിനു പുഴയുടെ അടിത്തട്ടില്‍ ഇറങ്ങാന്‍ സാധിക്കൂ. അര്‍ജുന്റെ ലോറിയുടെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഒഴുക്ക് ശക്തമായതിനാല്‍ ലോറിയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു.

ലോറിക്കുള്ളില്‍ മനുഷ്യ സാന്നിധ്യം ഇല്ലെന്നാണ് പ്രാഥമിക നിഗമനം. തെര്‍മല്‍ സ്‌കാനിങ്ങില്‍ മനുഷ്യ സാന്നിധ്യം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ലോറിക്കുള്ളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അര്‍ജുന്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടിരിക്കാം എന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് ദൗത്യം വൈകുന്നത്.