കൊച്ചി: ആരാണ് ആ യുവ നടന്‍….? ആ നടന്റെ പേര് സോണിയ മല്‍ഹാര്‍ വെളിപ്പെടുത്തണമെന്ന ആവശ്യം ശക്തം. അമ്മ എക്‌സിക്യൂട്ടീവ് അംഗമായ അന്‍സിബയും തനിക്ക് മോശം അനുഭവം ഉണ്ടായ സംഭവം തുറന്നു പറഞ്ഞു. അന്‍സിബയും ആ നടന്റെ പേര് പറഞ്ഞില്ല. എന്തിനാണ് ഈ പേരുകള്‍ ഇവര്‍ ഒളിപ്പിക്കുന്നതെന്നതാണ് ഉയരുന്ന ചോദ്യം. സിദ്ദിഖിനേയും രഞ്ജിത്തിനേയും തുറന്നു കാട്ടിയവരുടെ മാതൃക ഈ നടിമാരും സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചുവെന്ന് സോണിയ മല്‍ഹാറിന്റെ ആരോപണം. 2013-ല്‍ തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍ വെച്ചായിരുന്നു സംഭവമെന്നും സോണിയ പറഞ്ഞു. കടന്നു പിടിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഹാസ്യനടന്റെ ഭാഗത്തുംനിന്നും യുവ നടന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിയിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താല്‍പര്യം കാരണമാണ് അഭിനയിക്കാന്‍ പോയത്. അതുകൊണ്ട് തന്നെ സിനിമയുടേയും സിനിമാ നടന്റേയും പേര് സോണിയ പുറത്തു പറയണമെന്നാണ് ഉയരുന്ന ആവശ്യം.

സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടിയും 'അമ്മ' എക്സിക്യൂട്ടീവ് അംഗവുമായ അന്‍സിബ ഹസനും വെളിപ്പെടുത്തിയിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരിക്കെവയാണ് അന്‍സിബ തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവച്ചത്. "ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. പക്ഷേ 5 വര്‍ഷം ഈ റിപ്പോര്‍ട്ട് പുറംലോകം കാണാതിരുന്നു എന്നു പറയുന്നത് വലിയ തെറ്റാണ്. നീതി വൈകുക എന്നത് നീതി നിഷേധം തന്നെയാണ്. ഇത്രയും സ്ത്രീകള്‍ അനുഭവിച്ചിട്ടുള്ള വേദനയാണ് ആ പേജുകളിലുള്ളത്. അതിലെ സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ വലിയ വിഷമം തോന്നുന്നുവെന്നായിരുന്നു അന്‍സിബയുടെ പ്രതികരണം.

ഇവരൊക്കെ അനുഭവച്ച വേദനകള്‍ക്ക് നീതി ലഭിക്കണം. ഇനി മറ്റൊരാള്‍ക്കും ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാകരുത്. വേട്ടക്കാര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണം. നിയമ സംവിധാനങ്ങളാണ് ഇനി മുന്നിട്ടിറങ്ങേണ്ടത്. സംഘടനകള്‍ക്ക് പരിമിതികളുണ്ട്. അവരെ മാറ്റി നിര്‍ത്തുകയോ, പുറത്താക്കുകയോ ചെയ്യാനേ കഴിയൂ. അല്ലാതെ ശിക്ഷിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ നിയമമനുസരിച്ചുള്ള പരാമവധി ശിക്ഷ വേട്ടക്കാര്‍ക്ക് ഉറപ്പാക്കണം-ഇതായിരുന്നു അന്‍സിബ പറഞ്ഞത്. എന്നാല്‍ അന്‍സിബ തന്നോട് ആരാണം മോശമായി പ്രവര്‍ത്തിച്ചതെന്ന് പറയുന്നുമില്ല.

സോണിയാ മല്‍ഹാറിന്റെ പ്രതികരണം ഇങ്ങനെ

ഒരു ഓഫീസ് സ്റ്റാഫിന്റെ റോള്‍ ആയിരുന്നു ആ സിനിമയില്‍. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ അവിടെനിന്നും കോസ്റ്റിയൂം തന്നു. ഒരു ഫാം പോലുള്ള സ്ഥലത്തുനിന്നായിരുന്നു സിനിമാഷൂട്ടിങ്. ടോയ്ലറ്റില്‍ പോയി തിരിച്ച് വരുന്ന സമയത്താണ് അയാള്‍ എന്നെ കടന്നുപിടിച്ചത്. അയാളെ അതിന് മുമ്പ് പരിചയമില്ല. യാതൊരു അനുവാദവും കൂടാതെ എന്നെ കയറിപ്പിടിക്കുകയായിരുന്നു. ആദ്യമായി അഭിനയിക്കാനെത്തിയ ഞാന്‍ ആകെ പേടിച്ചുപോയി. ലൊക്കേഷനിലെത്തിയപ്പോള്‍ സംവിധായകന്‍ ഇതാണ് സിനിമയിലെ ഹീറോ എന്നുപറഞ്ഞ് അയാളെ എനിക്ക് പരിചയപ്പെടുത്തിയിരുന്നു. ആദ്യമായി അവരെയെല്ലാം കണ്ടതിലുള്ള ആശ്ചര്യം എനിക്കുണ്ടായിരുന്നു. വളരെ ആരാധനയോടെ കണ്ടിരുന്ന വ്യക്തിയാണ് പെട്ടെന്ന് എന്നോടിങ്ങനെ മോശമായി പെരുമാറിയത്.

ഞാന്‍ പേടിച്ച് വിറച്ചു പോയി. ബലമായി എന്നെ പിടിച്ചുവെച്ചപ്പോള്‍ ഞാന്‍ അയാളെ തള്ളിമാറ്റി. കരഞ്ഞുകൊണ്ട് എന്താണിത്, എനിക്ക് സിനിമയില്‍ അഭിനയിക്കേണ്ട എന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് അങ്ങനെ സംഭിവിച്ചുപോയതാണ്, അയാള്‍ക്ക് എന്നെ ഇഷ്ടമാണ് എന്നാണ് മറുപടി പറഞ്ഞത്. അന്ന് ഞാന്‍ സോഷ്യല്‍ വര്‍ക്കൊക്കെ ചെയ്യുന്ന സമയമായിരുന്നു. നിങ്ങളൊരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, അതുകൊണ്ടുതന്നെ എനിക്ക് നിങ്ങളെ ഇഷ്ടമാണെന്നെന്ന് പറഞ്ഞു. ഞാന്‍ പൊന്നുപോലെ നോക്കിക്കോളാം എന്നെല്ലാം പറഞ്ഞു. അവിടെവെച്ച് എന്നെ പ്രൊപ്പോസ് ചെയ്യുന്നപോലെ പെരുമാറി. അന്ന് ഞാന്‍ എതിര്‍ത്ത് സംസാരിച്ചു. എന്നോട് ഫോണ്‍ നമ്പര്‍ ചോദിച്ചെങ്കിലും ഞാന്‍ നല്‍കിയില്ല. വീട്ടിലെത്തി ഭര്‍ത്താവിനോട് നടന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു. നാല് ദിവസം ഷൂട്ടിന് പോയിരുന്നു. പിന്നീട് അയാള്‍ മാപ്പ് പറഞ്ഞു.

ഇപ്പോള്‍ ഇത് തുറന്ന് പറഞ്ഞത് ആളുകള്‍ക്ക് പെണ്‍കുട്ടികളെ ചൂഷ്ണം ചെയ്യാന്‍ എളുപ്പത്തില്‍ കിട്ടും എന്നുള്ള ധാരണ മാറണം എന്നുള്ളതുകൊണ്ടാണ്. എല്ലാ കലാകാരികള്‍ക്കും ഒരുത്തനേയും പേടിക്കാതെ അഭിനയിച്ച്, വീട്ടില്‍ പോകാന്‍ കഴിയണം. ഞാന്‍ പല സിനിമലൊക്കേഷനിലും എതിര്‍ത്ത് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമകള്‍ കിട്ടാതെ പോയതെന്നും എനിക്കറിയാം. നോ പറഞ്ഞതിനെ തുടര്‍ന്ന് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രശ്നങ്ങളില്ലാത്ത ലൊക്കേഷനില്‍ സുഖമായി അഭിനയിച്ച് തിരിച്ച് പോരാം. എന്നാല്‍ സിനിമയില്‍ ഞാന്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടുണ്ട്.-സോണിയ പറഞ്ഞു.

അന്‍സിബയുടെ പ്രതികരണം ഇങ്ങനെ

സിനിമാ മേഖലയില്‍ മാത്രമല്ല മറ്റ് മേഖലകളിലും ഇതുപോലുള്ള കമ്മിറ്റി ഉണ്ടാകണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതിപ്പെട്ട പരാതികള്‍ തന്നെയാകും മറ്റ് മേഖലകളില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ളത്. എല്ലാ സ്ത്രീകള്‍ക്കും മുന്‍ഗണന വേണം. തൊഴിലിടങ്ങളില്‍ സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കികൊടുക്കണം. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല, ചെറിയ പ്രായം തൊട്ട് കുട്ടികള്‍ അനുഭവിക്കേണ്ടി വന്ന കാര്യങ്ങളാണിത്. സിനിമ ഒരു ഗ്ലാമറസ് ഫീല്‍ഡ് ആയതുകൊണ്ട് പെട്ടന്നു ശ്രദ്ധിക്കപ്പെടുന്നു എന്നു മാത്രമേ ഒള്ളൂ-അന്‍സിബ പറയുന്നത് ഇങ്ങനെയാണ്.

ആരോപണ വിധേയരായവര്‍ക്കെതിരെ കൃത്യമായ െതളിവുകളും രേഖകളും ഉണ്ടെങ്കില്‍ അവരുടെ പേരുകള്‍ പുറത്തുപറയുന്നതില്‍ ഒരു തെറ്റുമില്ല. ഞാനൊരുപാട് സിനിമകള്‍ ചെയ്യുന്ന ആളല്ല. എനിക്കൊരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടുമില്ല. ഈ മേഖലയില്‍ സജീവമായത് അവതാരകയായും റേഡിയോ ജോക്കിയായൊക്കെ പ്രവര്‍ത്തിച്ചുമാണ്. ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുകയാണ്. ആ പാഷന്‍ ഉണ്ടായതുകൊണ്ടാണ് ഇവിടെ സര്‍വൈവ് ചെയ്തുപോകുന്നത്.

ഒരുപാട് നടിമാര്‍ പറഞ്ഞു, അവര്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്ന്. അവര്‍ക്കങ്ങനെ തോന്നിയതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞത്. അപ്പോള്‍ അങ്ങനെയല്ല എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. അത് അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന അറിയൂ. തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയില്‍ വിഷയം അവസാനിപ്പിച്ചു. പരാതിപ്പെടാന്‍ പോയില്ല.എനിക്കിഷ്ടപ്പെടാത്ത കാര്യം മുഖത്തുനോക്കി പറയുന്ന ആളാണ് ഞാന്‍. അത് ആരാണെങ്കിലും എന്താണെങ്കിലും എവിടെയാണെങ്കിലും പറയും."അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെയാണ്.