ഭോപ്പാൽ: തന്റെ അമ്മയ്ക്ക് ഓക്സിജൻ വേണമെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ മകനോട് മുഖത്ത് അടികിട്ടുമെന്ന് കേന്ദ്ര മന്ത്രിയുടെ ഭീഷണി. കേന്ദ്ര ടൂറിസം മന്ത്രിയും ദാമോഹ് എംപിയുമായ പ്രഹ്ലാദ് സിങ് പാട്ടേൽ യുവാവിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

യുവാവിന്റെ അമ്മയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള ഓക്സിജൻ പ്രതിസന്ധി ചൂണ്ടികാട്ടിയപ്പോഴാണ് മന്ത്രി ക്ഷുഭിതനായി മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. യുവാവ് വികാരഭരിതനായി സംസാരിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

ഈ സമയം ആശുപത്രി സന്ദർശിക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു ഓക്‌സിജൻ ലഭിക്കുന്നില്ലെന്നും അമ്മയ്ക്ക് ഓക്‌സിജൻ ലഭിക്കാൻ സഹായിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടത്. ഇത് കേട്ടതോടെ ക്ഷുഭിതനായ എംപി ഇയാൾക്കെതിരെ ദേഷ്യപ്പെടുകയായിരുന്നു. ഓക്‌സിജനല്ല, രണ്ട് അടിയാണ് നൽകേണ്ടതെന്നാണ് മന്ത്രി യുവാവിനെതിരെ ആക്രോശിച്ചത്.

തല്ല് കൊള്ളാൻ തയ്യാറാണെന്നും പകരം അമ്മയ്ക്ക് ഓക്സിജൻ എത്തിക്കണം എന്നുമാണ് ആ മകൻ പറഞ്ഞത്.സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആർക്കെങ്കിലും ഓക്‌സിജൻ നിഷേധിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആശുപത്രിയിൽ അഞ്ച് മിനുട്ട് മാത്രമാണ് ഓക്‌സിജൻ ലഭിക്കുന്നതെന്ന് ഇയാൾ പറഞ്ഞത്. അതേസമയം അടിക്കുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയെന്ന ആരോപണം മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.

പ്രതിസന്ധിയുണ്ടാകുമ്പോൾ സ്ഥലം എംപി കൂടിയായ മന്ത്രിയെ മണ്ഡലത്തിൽ കാണാനില്ലെന്ന വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രി ആശുപത്രി സന്ദർശിക്കാനെത്തിയത്.