ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമത്തെ തുടർന്ന് വൈദ്യുതി പ്രതിസന്ധി എന്ന ആശങ്കയ്ക്കിടെ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി ആർ.കെ. സിങ്. ഡൽഹിയിൽ ഉൾപ്പെടെ ഒരിടത്തും പ്രതിസന്ധി ഉണ്ടാകില്ല. കൽക്കരി ക്ഷാമമെന്നത് അടിസ്ഥാനമില്ലാത്ത വാദമാണ്. സംഭരണത്തിലും വിതരണത്തിലും ഒരു തടസവുമില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിൽ ഉന്നതതലയോഗത്തിന് ശേഷമാണ് മന്ത്രി ഇതറിയിച്ചത്. രാജ്യത്ത് ഇപ്പോഴും നേരത്തെയും പ്രതിസന്ധിയില്ല. അനാവശ്യ ഭീതിയാണ് സൃഷ്ടിച്ചത്. ഉപയോക്താക്കളിൽ ഭീതി സൃഷ്ടിക്കുന്ന തരത്തിൽ, സന്ദേശങ്ങൾ അയച്ചാൽ, നടപടി ഉണ്ടാകുമെന്ന് ടാറ്റ പവർ സിഇഒയ്ക്ക് ഞാൻ നമുന്നറിയിപ്പ് നൽകി. ഗെയിലിന്റെയും, ടാറ്റ പവറിന്റെയും നടപടികൾ നിരുത്തരവാദപരമെന്നും മന്ത്രി വിശേഷിപ്പിച്ചു.

ഊർജ്ജ നിലയങ്ങളിൽ നാല് ദിവസത്തിലേറെ ഉത്പാദനത്തിനുള്ള ശരാശരി കൽക്കരി ശേഖരമുണ്ട്. ഊർജ്ജശേഖരം കൂട്ടി വരികയാണ്. കേന്ദ്ര കൽക്കരി ഖനി മന്ത്രി പ്രഹ്ലാദ് ജോഷിയുമായി ഞാൻ ബന്ധപ്പെടുന്നുണ്ട്. കോൺഗ്രസിനെയും മന്ത്രി വിമർശിച്ചു. വോട്ട് മാത്രമല്ല, ആ പാർട്ടിക്ക് ആശയങ്ങളും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

വൈദ്യുതി പ്രതിസന്ധി നേരിടാൻ ഉത്തർപ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലും പവർകട്ട് പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പുമാണ് നൽകിയിരിക്കുന്നത്. ഇതിനിടെയാണ് രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന വാദവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. കൽക്കരി വൈദ്യുത നിലയങ്ങളിൽ പകുതിയിലധികവും ഉൽപ്പാദനം വെട്ടിക്കുറച്ചു. ഇന്ത്യയിൽ 70 ശതമാനം വൈദ്യുതിയും കൽക്കരി ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

കോവിഡ് മഹാമാരി വരുത്തിവെച്ച പ്രതിസന്ധിയിൽ രാജ്യം നട്ടം തിരിയവെ വൈദ്യുതി പ്രതിസന്ധി കൂടി ശക്തമായാൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ആകെ തകിടംമറിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.

കേരളത്തിലും പവർ കട്ട് വരും

കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി കുറഞ്ഞതിനാൽ കേരളത്തിലും വൈദ്യുതി പ്രതിസന്ധിയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഈ സ്ഥിതി തുടർന്നാൽ സംസ്ഥാനത്ത് പവർകട്ട് വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കൽക്കരി ക്ഷാമം രൂക്ഷമായതിനാൽ കേന്ദ്രത്തിൽനിന്ന് കിട്ടുന്ന വൈദ്യുതി ലഭ്യതയിൽ വൻ തോതിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ തൽക്കാലത്തേക്ക് വൈദ്യുതി നിയന്ത്രണം മാത്രമായിരിക്കും ഏർപ്പെടുത്തേണ്ടി വരികയെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ഗ്രിഡിൽനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ മൂവായിരത്തോളം മെഗാവാട്ടിന്റെ കുറവാണ് കേരളത്തിന് ലഭിക്കുന്നത്. ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, രാജ്യവും കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

കൽക്കരി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കൽക്കരി വൈദ്യുത നിലയങ്ങളിൽ പകുതിയിലധികവും ഉൽപ്പാദനം വെട്ടിക്കുറച്ചു. വൈദ്യുതി പ്രതിസന്ധി നേരിടാൻ ഉത്തർപ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലും പവർകട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇന്ത്യയിൽ 70 ശതമാനം വൈദ്യുതിയും കൽക്കരി ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. കോവിഡ് മഹാമാരി വരുത്തിവെച്ച പ്രതിസന്ധിയിൽ രാജ്യം നട്ടം തിരിയവെ വൈദ്യുതി പ്രതിസന്ധി കൂടി ശക്തമായാൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ആകെ തകിടംമറിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.