തിരുവനന്തപുരം: പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പ് ആശങ്കയിലെന്ന് യുനസ്‌കോയുടെ പരിസ്ഥിതി റിപ്പോർട്ട്. അടിയന്തര സംരക്ഷണ നടപടികളുണ്ടായില്ലെങ്കിൽ സമീപഭാവിയിൽ തന്നെ വൻപ്രത്യാഖാതത്തിന് വഴിവെക്കുമെന്നാണ് പഠനം വിശദമാക്കുന്നത്. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങൾക്ക് മാത്രമല്ല പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന ജനതയുടെ ജീവിതം തന്നെ ദുരിതപൂർണമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഇതാദ്യമായാണ് പശ്ചിമഘട്ടമെന്ന അപൂർവ ജൈവവൈവിധ്യ മണ്ഡലത്തിന്റെ സംരക്ഷണത്തിൽ യുനെസ്‌കോ ആശങ്ക പ്രകടിപ്പിക്കുന്നത്.

കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ജീവനാഡിയായ പശ്ചിമഘട്ടം ലോകത്തെ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളിൽ അതിപ്രാധാന്യമുള്ളതാണ് പശ്ചിമഘട്ടം.
അതിരുകടന്ന ചൂഷണംമൂലമാണ് പശ്ചിമഘട്ടത്തിന്റെ ജൈവമണ്ഡലം തന്നെ ഭീഷണിയിലെതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിനോദസഞ്ചാര പ്രവൃത്തികൾ, വനനശീകരണം, വേട്ടയാടൽ, വനത്തിനുള്ളിലെ റോഡ്-റെയിൽ പദ്ധതികൾ, ഡാമുകൾ, ഖനി-ക്വാറി വ്യവസായങ്ങൾ, കാട്ടുതീ തുടങ്ങിയവയാണ് പശ്ചിമഘട്ടത്തെ നാശോന്മുഖമാക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരം പ്രവൃത്തികളുടെ അനന്തരഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം, അതിതീവ്ര മഴ-വേനൽ, ജല-വായു മലിനീകരണം എന്നിവ നാശത്തിന് ആക്കം കൂട്ടുന്നു.

പ്രകൃതിസംരക്ഷണത്തിൽ യുനെസ്‌കോയുടെ ഔദ്യോഗിക ഉപദേശകസമിതിയായ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) ആണ് അവലോകന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 'ഗൗരവതരമായ ഉത്കണ്ഠ'വേണ്ട ഇടമായാണ് പശ്ചിമഘട്ടത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽനിന്ന് ഈ പട്ടികയിലുള്ള മറ്റൊരിടം അസമിലെ മനാസ് വന്യജീവിസങ്കേതമാണ്.ഇതിനെ മറികടക്കാൻ പ്രകൃതിസംരക്ഷണത്തിന് മധ്യ-ദീർഘകാല പദ്ധതികൾ വേണമെന്നാണ് ഐ.യു.സി.എന്നിന്റെ വിലയിരുത്തൽ.


ഇതേ ആശങ്കയാണ് വർഷങ്ങൾക്ക് മുൻപ് ഗാഡ്ഗിൽ പങ്കുവെച്ചത്. അന്ന് ഗാഡ്ഗിൽ റിപ്പോർട്ടിൽ പറഞ്ഞ പ്രളയമുൾപ്പടെയുള്ള കാര്യങ്ങൾ നമ്മൾ നേരിട്ടനുഭവിച്ചതുമാണ്.പശ്ചിമഘട്ടം സാധാരണ ആവാസവ്യവസ്ഥയല്ല. 245 ദശലക്ഷം ജനങ്ങൾക്ക് വെള്ളം നൽകുന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ജലഗോപുരമാണ്. പശ്ചിമഘട്ടമേഖല മുഴുവൻ സംരക്ഷിക്കപ്പെടണം. മൂന്നു മേഖലകളായി തിരിച്ച് സംരക്ഷണത്തിനായി പ്രത്യേക മാർഗരേഖ വേണം. അത് ഗ്രാമതലത്തിൽ ചർച്ചചെയ്തു നടപ്പാക്കാൻ പുതിയ സംവിധാനം വേണം എന്നതായിരുന്നു മാധവ് ഗാഡ്ഗിൽ അധ്യക്ഷനായുള്ള പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനൽ 2011ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.